തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് – എസ്എഫ്ഐ ഏറ്റുമുട്ടൽ: രാത്രിയിൽ നഗരം യുദ്ധക്കളമായി; ഇന്ന് സംസ്ഥാനത്ത് എസ്എഫ്ഐ പഠിപ്പുമുടക്കും

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇന്നലെ രാത്രി നടത്തിയ പന്തം കൊളുത്തി പ്രകടനത്തെത്തുടർന്ന് തലസ്ഥാനത്ത് വൻ സംഘർഷം. സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ വ്യാഴാഴ്ച സംസ്ഥാനത്തൊട്ടാകെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തു.

യൂത്ത് കോൺഗ്രസ് – കെഎസ്‌യു, എസ്എഫ്ഐ പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടിയതോടെ ഏജീസ് ഓഫിസിനും യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിനും സമീപം മണിക്കൂറുകളോളം ഭീകരാന്തരീക്ഷം നിലനിന്നു.

ഏജീസ് ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ച് യൂണിവേഴ്സിറ്റി കോളജ് പുരുഷ ഹോസ്റ്റലിന് സമീപമെത്തിയപ്പോൾ ഹോസ്റ്റലിനുള്ളിൽനിന്ന് എസ്എഫ്ഐ പ്രവർത്തകർ കല്ലും ബീയർ കുപ്പികളും എറിഞ്ഞതാണ് പ്രകോപനത്തിന് കാരണമായതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. തുടർന്ന് മാർച്ച് അവസാനിച്ച ശേഷം തിരികെയെത്തിയ യൂത്ത് കോൺഗ്രസ് – കെഎസ്‌യു പ്രവർത്തകർ ഹോസ്റ്റലിലേക്ക് തീപ്പന്തങ്ങളും വടികളും വലിച്ചെറിഞ്ഞു. ഹോസ്റ്റൽ മതിലിന്റെ ഇരുവശത്തുനിന്നുമായി ഇരുവിഭാഗവും കല്ലേറും ആക്രമണവും തുടർന്നതോടെ സ്ഥലം യുദ്ധക്കളമായി മാറി.

സ്ഥലത്തെത്തിയ പൊലീസ് സംഘം അക്രമാസക്തരായ പ്രവർത്തകരെ പിരിച്ചുവിടാൻ കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചെങ്കിലും സംഘർഷത്തിന് അയവു വന്നില്ല. തുടർന്ന് പൊലീസ് യൂണിവേഴ്സിറ്റി ഹോസ്റ്റൽ വളപ്പിൽ പ്രവേശിച്ച് ലാത്തി വീശി. സംഘർഷത്തിലും കല്ലേറിലും പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ പ്രവർത്തകരുമായി പോയ ആംബുലൻസ് യൂത്ത് കോൺഗ്രസുകാർ തടഞ്ഞതായി എസ്എഫ്ഐ ആരോപിച്ചു. എന്നാൽ ഹോസ്റ്റലിനുള്ളിൽ ഒളിച്ചിരുന്ന ക്രിമിനലുകളാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് യൂത്ത് കോൺഗ്രസിന്റെ നിലപാട്.

പിന്നീട് എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘവും മുതിർന്ന സിപിഎം നേതാക്കളും സ്ഥലത്തെത്തി നടത്തിയ ചർച്ചകൾക്കൊടുവിലാണ് സംഘർഷത്തിന് അയവുവന്നതും പൊലീസ് പിൻവാങ്ങിയതും.

പൊലീസിന്റെയും യൂത്ത് കോൺഗ്രസ്–കെഎസ്‍യു പ്രവർത്തകരുടെയും നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലാ പോലീസ് മേധാവികളുടെ ഓഫീസുകളിലേക്കും ഇന്ന് എസ്എഫ്ഐ മാർച്ച് നടത്തും. പൊലീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് വൈകുന്നേരം അഞ്ചിന് സംസ്ഥാനവ്യാപകമായി വമ്പിച്ച പ്രതിഷേധ പരിപാടിയും സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു.

SFI calls for a statewide student strike today.

More Stories from this section

family-dental
witywide