
എസ് എം എ രോഗികൾക്കുള്ള ഇന്ത്യൻ മരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോഗ്യമന്ത്രി കെ മുരളീധരനോട് ആറു പ്രധാന ചോദ്യങ്ങൾ ഉന്നയിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തി. വിഷയം രക്ഷിതാക്കളിൽ ഉണ്ടാക്കിയ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട ഗോവിന്ദൻ, ചോദ്യങ്ങൾക്ക് ആരോഗ്യമന്ത്രി കൃത്യമായി മറുപടി നൽകുന്നില്ലെന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വിമർശിച്ചു. ക്ലിനിക്കൽ പരിശോധനയ്ക്കുള്ള മരുന്നുകൾ ആശുപത്രിയിലെത്തി, കുഴപ്പമില്ലെങ്കിൽ എന്തിനാണ് അവ പിൻവലിച്ചത്, മരുന്നിന്റെ ക്ലിനിക്കൽ പരിശോധന പൂർത്തിയായിട്ടുണ്ടോ, മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഗുണപരിശോധന നടത്തിയിട്ടുണ്ടോ, ടെൻഡർ വിളിക്കാൻ കാലതാമസം വരുത്തി ഒരു കമ്പനിക്ക് പ്രത്യേക ഇളവ് നൽകിയത് എന്തിന്, കുട്ടികൾക്ക് പാർശ്വഫലങ്ങളുണ്ടായാൽ ആര് ഉത്തരവാദിത്തമേറ്റെടുക്കും എന്നിവയാണ് അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങൾ.
മുൻ ആരോഗ്യമന്ത്രിമാരായ പി കെ ശ്രീമതി, കെ കെ ശൈലജ, വീണ ജോർജ്ജ് എന്നിവർക്കെതിരെ കെ മുരളീധരൻ നടത്തിയ പരാമർശങ്ങളെയും എം വി ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന രീതിയിലാണ് മന്ത്രി സംസാരിക്കുന്നതെന്നും, കൃത്യമായ മറുപടിയില്ലാത്തതിനാലാണ് മുൻ മന്ത്രിമാരെ വൃത്തികെട്ട രീതിയിൽ അധിക്ഷേപിച്ചതെന്നും അദ്ദേഹം ആരോപിച്ചു. നാറ്റ്കോ കമ്പനി പ്രതിനിധികൾ മന്ത്രിയുടെ ഓഫീസിലെത്തി പണം നൽകിയെന്നും മരുന്നിന്റെ ബയോ ഇക്വലൻസ് പരിശോധന നടത്തിയില്ലെന്നും മുൻ മന്ത്രിമാർ ആരോപിച്ചിരുന്നു.
അതേസമയം, സി പി എം നേതാക്കളുടെയും മുൻ ആരോഗ്യമന്ത്രിമാരുടെയും ആരോപണങ്ങൾ തള്ളി ആരോഗ്യമന്ത്രിയും വിദഗ്ധസമിതിയും രംഗത്തെത്തി. ജനറിക് മരുന്നുകൾക്ക് ബയോ ഇക്വലൻസ് പരിശോധനയുടെ ആവശ്യമില്ലെന്ന് വിദഗ്ധർ വ്യക്തമാക്കി. ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ വിദേശ മരുന്ന് കമ്പനികളുടെ പങ്കുണ്ടാകാമെന്നാണ് ആരോഗ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്.
SMA Drug Controversy: M V Govindan Poses 6 Questions to Health Minister; Minister and Experts Deny Allegations













