അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമം രാഷ്ട്രീയ നേട്ടത്തിനായി കെട്ടിച്ചമച്ചതാണെന്ന തരത്തിലുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമാകുന്നു. സംഭവം നടന്നതിന് പിന്നാലെ ‘സ്റ്റേജ്ഡ്’ (Staged) എന്ന വാക്ക് എക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ ലക്ഷക്കണക്കിന് തവണയാണ് പങ്കുവെക്കപ്പെട്ടത്. അന്താരാഷ്ട്ര വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനായി നടത്തിയ ആസൂത്രിത നീക്കമാണിതെന്നാണ് പ്രധാന ആരോപണം.
വൈറ്റ് ഹൗസിൽ പുതിയ ബോൾറൂം നിർമ്മിക്കുന്നതിന് പൊതുജനപിന്തുണ തേടാനായി ട്രംപ് തന്നെ ഒരുക്കിയ നാടകമാണിതെന്ന വാദമാണ് ഇതിൽ പ്രധാനം. സംഭവത്തിന് ശേഷം നടത്തിയ പ്രതികരണങ്ങളിൽ ട്രംപ് ബോൾറൂമിനെക്കുറിച്ച് പരാമർശിച്ചത് ഈ സംശയത്തിന് ആക്കം കൂട്ടി. കൂടാതെ, ചടങ്ങിന് മുൻപ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് നടത്തിയ ചില പരാമർശങ്ങളും തത്സമയ റിപ്പോർട്ടിംഗിനിടെ സിഗ്നൽ നഷ്ടപ്പെട്ടതും ഗൂഢാലോചനാ വാദികൾ തെളിവായി ഉയർത്തിക്കാട്ടുന്നു.
എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി. പ്രസ് സെക്രട്ടറിയുടെ പരാമർശം ട്രംപ് പറയാനിരുന്ന തമാശകളെ കുറിച്ചായിരുന്നുവെന്നും സാങ്കേതിക കാരണങ്ങളാലാണ് വാർത്താ സിഗ്നൽ തടസ്സപ്പെട്ടതെന്നും അന്വേഷണസംഘം വിശദീകരിച്ചു. ആക്രമണത്തിന് പിന്നിൽ വ്യക്തിപരമായ കാരണങ്ങൾ മാത്രമാണെന്നും വിദേശ ഇടപെടലുകൾ ഇല്ലെന്നും പ്രതിയായ കോൾ തോമസ് അലന്റെ മാനിഫെസ്റ്റോ പരിശോധിച്ചതിൽ നിന്ന് വ്യക്തമായതായി ഏജൻസികൾ അറിയിച്ചു.
വാഷിങ്ടൺ ഹിൽട്ടണിൽ നടന്ന അത്താഴവിരുന്നിനിടെ കാലിഫോർണിയ സ്വദേശിയായ കോൾ തോമസ് അലൻ സുരക്ഷാ വലയം ഭേദിച്ച് വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ ട്രംപിനെയും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രതിക്ക് ഇസ്രായേലുമായി ബന്ധമുണ്ടെന്ന രീതിയിൽ റഷ്യൻ, ഇറാനിയൻ മാധ്യമങ്ങൾ വാർത്തകൾ നൽകിയെങ്കിലും അന്വേഷണ ഏജൻസികൾ ഇത് തള്ളിക്കളഞ്ഞു.
Social media claims Trump assassination attempt was ‘staged’; authorities dismiss conspiracy theories















