ആഭ്യന്തര മന്ത്രാലയത്തിന്റെ പോർട്ടൽ എഐയുടെ സഹായത്തോടെ ഹാക്ക് ചെയ്ത പതിനാലുകാരൻ പിടിയിൽ. സൈന്യത്തിൽനിന്ന് വിരമിച്ചവർക്ക് മറ്റു തൊഴിലവസരങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട കരിയർ വിവരങ്ങൾ സൂക്ഷിക്കുന്ന വെബ്സൈറ്റാണ് വിദ്യാർഥി ഹാക്ക് ചെയ്തതെന്നാണ് സൂചന. ഈ പോർട്ടലിൽ നിന്നുള്ള 2,500-ലധികം അഗ്നിവീറുകളുടെ വിവരങ്ങൾ ഉൾപ്പെടുന്ന ചില ഫയലുകൾ ഡാർക് വെബിൽ വിൽപനയ്ക്ക് വെച്ചിരുന്നതായും, എന്നാൽ വിൽപന നടക്കുന്നതിനു മുൻപുതന്നെ ഏജൻസികൾ ഇയാളെ പിടികൂടുകയായിരുന്നുവെന്നും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. അതേസമയം, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഡാർക് വെബിൽ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ നടത്തിയ അന്വേഷണത്തിനിടയിലാണ് ഡാറ്റ ചോർച്ച കണ്ടെത്തിയത്. കണ്ടെത്തിയ വിവരങ്ങൾ അഗ്നിവീർ സൈനിക റിക്രൂട്ട്‌മെന്റുമായി ബന്ധമുള്ളതാകാമെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രാഥമിക വിലയിരുത്തൽ. ഫയലുകളുടെ കൃത്യമായ സ്വഭാവം എന്താണെന്നും റിക്രൂട്ട്‌മെന്റ് പോർട്ടൽ ഹാക്ക് ചെയ്താണോ വിവരങ്ങൾ ശേഖരിച്ചതെന്നും അന്വേഷിച്ചുവരികയാണ്.
എളുപ്പത്തിൽ പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടി ഇത് ചെയ്തതെന്നാണ് ചോദ്യംചെയ്യലിൽ നിന്ന് ലഭിക്കുന്ന വിവരം. പതിനാലുകാരനെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണെന്നും, എങ്ങനെയാണ് പോർട്ടലിലേക്ക് കടന്നുകയറി ഹാക്ക് ചെയ്തതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘമെന്നും അധികൃതർ വ്യക്തമാക്കി.
14-Year-Old Hacks Home Ministry Portal; Agniveers’ Data Put Up for Sale on Dark Web














