
ന്യൂഡൽഹി : വിമാനക്കമ്പനികൾ ബുക്കിംഗിനും ചെക്ക്-ഇന്നിനുമായി ഉപയോഗിക്കുന്ന നാവിറ്റെയർ (Navitaire) എന്ന സോഫ്റ്റ്‌വെയറിലുണ്ടായ തകരാർ കാരണം ഇന്ത്യയിലും വിദേശത്തും വിമാന സർവീസുകൾ വ്യാപകമായി തടസ്സപ്പെട്ടു. ഇന്ന് രാവിലെ 6:45 മുതൽ 7:28 വരെയാണ് (ഏകദേശം 43 മിനിറ്റ്) സർവർ തകരാർ അനുഭവപ്പെട്ടത്. ഇൻഡിഗോ, ആകാശ എയർ, സ്പൈസ് ജെറ്റ് , എയർ ഇന്ത്യ എക്സ്പ്രസ് എന്നീ കമ്പനികളെയാണ് പ്രധാനമായും ബാധിച്ചത്. ഇന്ത്യ കൂടാതെ ഏഷ്യ-പസഫിക് മേഖലയിലെയും യൂറോപ്പിലെയും വിവിധ വിമാനക്കമ്പനികളെ ഈ തകരാർ ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചെക്ക്-ഇൻ കൗണ്ടറുകളുടെ പ്രവർത്തനം തടസ്സപ്പെട്ടത് നീണ്ട ക്യൂവിനും യാത്രക്കാരുടെ പ്രതിഷേധത്തിനും കാരണമായി. സിസ്റ്റം പ്രവർത്തനരഹിതമായതോടെ ഉദ്യോഗസ്ഥർക്ക് നേരിട്ട് യാത്രക്കാരെ കൈകാര്യം ചെയ്യേണ്ടി വന്നു.
നിലവിൽ സാങ്കേതിക പ്രശ്നം പരിഹരിക്കപ്പെടുകയും സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്തിട്ടുണ്ട്. ഡൽഹിക്ക് പുറമെ മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ വിമാനത്താവളങ്ങളിലും സമാനമായ തടസ്സങ്ങൾ നേരിട്ടിരുന്നു.
Software glitch used for booking and check-in disrupts flight services in India and abroad












