നാഗാലാൻഡിൽ വ്യാജമദ്യ ദുരന്തം: രണ്ട് ദിവസത്തിനിടെ 19 മരണം; അന്വേഷണത്തിന് പ്രത്യേക സംഘം

കൊഹിമ: മദ്യനിരോധനം നിലവിലുള്ള നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 19 പേർ മരണപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. വ്യാജമദ്യത്തിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്താനായി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചു. വാർത്താ ഏജൻസിയായ പിടിഐ ആണ് സംഭവം പുറത്തുവിട്ടത്.

സംസ്ഥാനത്തെ മൊകോക്ചുങ് ജില്ലയിൽ എട്ട് പേരും ട്യുൻസാങ് ജില്ലയിൽ 11 പേരുമാണ് വ്യാജമദ്യത്തിന് ഇരയായത്. അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ഐ. ബംഗ്ലാങ് ചാങ്ങിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മരണകാരണം കൃത്യമായി സ്ഥിരീകരിക്കുന്നതിനായി മദ്യത്തിന്റെ സാമ്പിളുകൾ ഗുവാഹത്തിയിലെ ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്ന് സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് വെസുപ്ര കെസോ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് പോലീസിന് ചില നിർണായക സൂചനകൾ ലഭിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.

ദുരന്തത്തെത്തുടർന്ന് സംസ്ഥാന വ്യാപകമായി പൊലീസ് ശക്തമായ പരിശോധനകളാണ് നടത്തുന്നത്. വിവിധയിടങ്ങളിൽ നടത്തിയ റെയ്ഡുകളിൽ ഇതുവരെ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും മൂവായിരത്തോളം കുപ്പി വ്യാജമദ്യവും പിടിച്ചെടുത്തിട്ടുണ്ട്. 1990 മുതൽ പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തിയ സംസ്ഥാനത്താണ് ഈ വൻ ദുരന്തം സംഭവിച്ചിരിക്കുന്നത്.

അജ്ഞാത കേന്ദ്രങ്ങളിൽ നിന്നും എത്തുന്നതോ ലേബലുകൾ ഇല്ലാത്തതോ ആയ മദ്യം കഴിക്കരുതെന്ന് പൊലീസ് ജനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മദ്യം കഴിച്ചതിന് ശേഷം തലകറക്കം, കാഴ്ച മങ്ങൽ, ശ്വാസതടസ്സം, ബോധക്ഷയം എന്നിവ അനുഭവപ്പെട്ടാൽ ഒട്ടും സമയം കളയാതെ അടിയന്തരമായി വൈദ്യസഹായം തേടണമെന്നും ആരോഗ്യവിഭാഗവും പൊലീസും ജനങ്ങളോട് അഭ്യർത്ഥിച്ചു.

Spurious liquor tragedy in Nagaland: 19 deaths in two days; special team to investigate.

More Stories from this section

family-dental
witywide