നൂറ്റാണ്ടിന് ശേഷം പൂർവ്വികർ ജന്മനാട്ടിലേക്ക്; 39 നാഗാ വംശജരുടെ അവശിഷ്ടങ്ങൾ ഓക്സ്ഫോർഡ് മ്യൂസിയം തിരികെ നൽകി, കൊളോണിയൽ കൊള്ളയുടെ തെറ്റുതിരുത്തി യുകെ

ലണ്ടൻ: ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് നാഗാലാൻഡിൽ നിന്ന് കടത്തിക്കൊണ്ടുപോയ നാഗാ പൂർവ്വികരുടെ 39 ഭൗതികാവശിഷ്ടങ്ങൾ യുകെയിലെ ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ കീഴിലുള്ള പിറ്റ് റിവേഴ്‌സ് മ്യൂസിയം ഔദ്യോഗികമായി തിരികെ നൽകി. തിങ്കളാഴ്ച മ്യൂസിയത്തിൽ നടന്ന ചരിത്രപരമായ ചടങ്ങിൽ വെച്ച് നാഗാലാൻഡിൽ നിന്നുള്ള പ്രതിനിധി സംഘത്തിന് ഭൗതികാവശിഷ്ടങ്ങൾ കൈമാറി.

1910-നും 1940-നും ഇടയിൽ കൊളോണിയൽ ഭരണാധികാരികളും നരവംശശാസ്ത്രജ്ഞരുമായിരുന്ന ജോൺ ഹെൻറി ഹട്ടൻ, ജെയിംസ് ഫിലിപ്പ് മിൽസ് എന്നിവരാണ് നാഗാ പ്രദേശങ്ങളിൽ നിന്ന് ഈ അവശിഷ്ടങ്ങൾ ശേഖരിച്ച് ഓക്‌സ്‌ഫോർഡിൽ എത്തിച്ചത്. സൈനിക നടപടികളിലൂടെയും അധിനിവേശത്തിലൂടെയും പിടിച്ചെടുത്ത തലയോട്ടികളാണ് ഇവയിൽ ഭൂരിഭാഗവും. കൊളോണിയൽ കാലത്തെ തെറ്റുകൾ തിരുത്തുന്നതിന്റെയും ‘ഡീകൊളോണൈസേഷൻ’ പ്രക്രിയയുടെയും ഭാഗമായാണ് മ്യൂസിയം ഈ നടപടി സ്വീകരിച്ചത്.

നാഗാലാൻഡിൽ നിന്നുള്ള സമുദായ സംഘടനകളുടെ കൂട്ടായ്മയായ ‘ഫോറം ഫോർ നാഗാ റീകൺസിലിയേഷൻ’ കഴിഞ്ഞ ആറ് വർഷത്തോളമായി നടത്തിയ തീവ്രമായ ചർച്ചകൾക്കും ഗവേഷണങ്ങൾക്കും ഒടുവിലാണ് ഈ ചരിത്രപരമായ നേട്ടം സാധ്യമായത്. 40 അവശിഷ്ടങ്ങൾ തിരികെ വേണമെന്ന് എഫ്.എൻ.ആർ ആവശ്യപ്പെട്ടിരുന്നെങ്കിലും, ഒരെണ്ണം നാഗാ വംശജരുടേതാണെന്ന് സ്ഥിരീകരിക്കാൻ കഴിയാത്തതിനാൽ 39 എണ്ണത്തിന്റെ കൈമാറ്റത്തിനാണ് ഓക്‌സ്‌ഫോർഡ് സർവകലാശാല അനുമതി നൽകിയത്. ഈ അവശിഷ്ടങ്ങൾ 2020-ൽ തന്നെ മ്യൂസിയം പൊതുപ്രദർശനത്തിൽ നിന്ന് മാറ്റിയിരുന്നു.

മുതിർന്ന ഗോത്ര നേതാക്കളും സഭാംഗങ്ങളും ഉൾപ്പെടുന്ന മുപ്പതോളം പേരടങ്ങുന്ന നാഗാ പ്രതിനിധി സംഘമാണ് അവശിഷ്ടങ്ങൾ ഏറ്റുവാങ്ങാൻ യുകെയിൽ എത്തിയത്. ജന്മനാട്ടിൽ തിരിച്ചെത്തിക്കുന്ന ഈ പൂർവ്വിക അവശിഷ്ടങ്ങൾ നാഗാലാൻഡിൽ പ്രത്യേക സ്മാരകം നിർമ്മിച്ച് ആചാരപൂർവ്വം സംസ്‌കരിക്കുമെന്ന് നാഗാ ജനത അറിയിച്ചു. പാശ്ചാത്യ മ്യൂസിയങ്ങൾ മറ്റ് രാജ്യങ്ങളിൽ നിന്ന് കൊള്ളയടിച്ച പുരാവസ്തുക്കളും അവശിഷ്ടങ്ങളും തിരികെ നൽകുന്ന ആഗോള പ്രക്രിയയിലെ ഏറ്റവും സുപ്രധാനമായ ചുവടുവെപ്പായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.

UK’s Oxford museum returns remains of 39 Naga people

More Stories from this section

family-dental
witywide