ഞായറാഴ്ച പുലർച്ചെ മുതൽ നാഗാലാൻഡിലെ മോൺ ജില്ലയിൽ പെയ്ത അതിശക്തമായ മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മിന്നൽപ്രളയത്തിലും നാല് പേർക്ക് ജീവൻ നഷ്‌ടമായി. ഉരുൾ പൊട്ടലിൽ മണ്ണിനടിയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് മോൺ ഡെപ്യൂട്ടി കമ്മീഷണർ വെന്യീ കൊന്യാക് അറിയിച്ചു. നിലവിൽ എട്ടുപേരെ കാണാതായതായാണ് റിപ്പോർട്ടുകൾ. കാണതായവരിൽ കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്.
മോൺ ജില്ലാ ആസ്ഥാനമായ മോൺ ടൗണിലും പരിസരപ്രദേശങ്ങളിലുമാണ് പ്രകൃതിക്ഷോഭം മൂലം കനത്ത നാശം വിതച്ചത്. മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകരുകയും റോഡ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്‌തിട്ടുണ്ട്. പ്രദേശത്ത് വലിയ തോതിലുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. നിരവധി കുടുംബങ്ങളെ അപകടമേഖലകളിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
സംസ്ഥാന ദുരന്ത നിവാരണ സേന, നാഗാലാൻഡ് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി, പോലീസ്, അസം റൈഫിൾസ് എന്നിവർ പ്രാദേശിക കൂട്ടായ്‌കളുമായി ചേർന്ന് പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാൽ നിർത്താതെ പെയ്യുന്ന മഴയും ദുർഘടമായ ഭൂപ്രകൃതിയും രക്ഷാദൗത്യത്തിന് പ്രതികൂലമാകുകയാണ്.
Four dead in Nagaland due to heavy rain and landslides; people remain trapped under the debris.













