ശാസ്ത്രകഥകളെ വെല്ലുന്ന സാങ്കേതികവിദ്യ; യു.എസ് യുദ്ധവിമാനം തകർത്തത് ഇറാൻ്റെ ‘ജെല്ലിഫിഷ്’ ഡ്രോൺ കൂട്ടമോ? എന്താണിത് ?

വാഷിംഗ്ടൺ: ശാസ്ത്രകഥകളെപ്പോലും വെല്ലുവിളിക്കുന്ന അത്യാധുനിക ഡ്രോൺ സാങ്കേതികവിദ്യയുമായി ഇറാൻ രംഗത്തെന്ന് സൂചന. ഏപ്രിലിൽ ഇറാനിൽ വച്ച് അമേരിക്കയുടെ അത്യാധുനിക എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനം തകർന്നു വീണതിന് പിന്നിൽ ഇറാൻ്റെ ‘ജെല്ലിഫിഷ്’ ഡ്രോൺ കൂട്ടമാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട യു.എസ് പൈലറ്റിൻ്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ അന്താരാഷ്ട്ര പ്രതിരോധ രംഗത്ത് വലിയ ചർച്ചയായിരിക്കുന്നത്.

ഏപ്രിൽ 3-നാണ് അമേരിക്കൻ വ്യോമസേനയ്ക്ക് വൻ തിരിച്ചടിയായി എഫ്-15ഇ യുദ്ധവിമാനം തകർന്നത്. ചരിത്രത്തിലാദ്യമായാണ് ഇറാൻ മണ്ണിൽ ഒരു അമേരിക്കൻ വിമാനം വെടിവെച്ചിടുന്നത്. തുടർന്ന് യു.എസ് കമാൻഡോകൾ അതീവ രഹസ്യമായി ഇറാനിൽ കടന്നുകയറിയാണ് പൈലറ്റിനെയും വെപ്പൺസ് സിസ്റ്റം ഓഫീസറെയും രക്ഷപെടുത്തിയത്. വിമാനം തകർത്തത് ഇറാൻ്റെ പരമ്പരാഗത വ്യോമപ്രതിരോധ സംവിധാനങ്ങളാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ പൈലറ്റിൻ്റെ മൊഴി യു.എസ് ഇൻ്റലിജൻസ് ഏജൻസികളെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്.

എന്താണ് ജെല്ലിഫിഷ് ഡ്രോൺ ?

ആകാശത്ത് ഒരു വലിയ ‘മദർഷിപ്പ്’ ഡ്രോണിന് താഴെയായി നിരവധി ചെറിയ ഡ്രോണുകൾ ഒന്നിച്ച് ഘടിപ്പിച്ച്, ജെല്ലിഫിഷിൻ്റെ രൂപത്തിൽ പറക്കുന്ന സംവിധാനമാണിത്. ‘മെഷ്ഡ് നെറ്റ്‌വർക്കിംഗ്’ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇവ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത്. ഒരു വലിയ കമാൻഡ് പ്ലാറ്റ്‌ഫോം പോലെ പ്രവർത്തിക്കുന്ന മദർഷിപ്പിന് കീഴിൽ, ഈ ചെറിയ ഡ്രോണുകൾ ഒരു വിമാന പ്രതിരോധ മൈൻഫീൽഡ് പോലെ ആകാശത്ത് നിലയുറപ്പിക്കും. ശത്രുവിമാനങ്ങൾ കണ്ടെത്തുകയോ ആക്രമിക്കുകയോ ചെയ്യുമ്പോൾ ഇവ ഒറ്റക്കെട്ടായി നീങ്ങുന്നു.

ഈ ഡ്രോൺ കൂട്ടത്തിലെ ഏതെങ്കിലും ഡ്രോണുകൾ തകർത്താൽ പോലും, ബാക്കപ്പിലുള്ള മറ്റ് ഡ്രോണുകൾ തൽക്ഷണം ആ സ്ഥാനം ഏറ്റെടുത്ത് ആക്രമണം തുടരുമെന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത. റഡാറുകളുടെ കണ്ണിൽപ്പെടാതെ താഴ്ന്ന ഉയരത്തിൽ പറക്കാൻ കഴിയുന്ന ഇത്തരം സാങ്കേതികവിദ്യ ചൈനയ്ക്കും റഷ്യയ്ക്കും മാത്രമാണ് നിലവിൽ സ്വന്തമായിട്ടുള്ളതെന്നാണ് യു.എസ് കരുതിയിരുന്നത്.

പൈലറ്റിൻ്റെ വെളിപ്പെടുത്തലും ആശങ്കകളും”ആകാശത്ത് നിരവധി ഡ്രോണുകൾ പരസ്പരം ബന്ധിപ്പിച്ച് ഒരു വലിയ ജെല്ലിഫിഷ് പോലെ ഒന്നിച്ച് നീങ്ങുകയായിരുന്നു. അന്യഗ്രഹ ജീവികളുടെ സാങ്കേതികവിദ്യ പോലെയാണ് തോന്നിയത്,” എന്നാണ് പൈലറ്റ് സി.എൻ.എന്നിനോട് വെളിപ്പെടുത്തിയത്. വിമാനത്തിൽ നിന്നും ഇജക്ട് ചെയ്യുന്ന സമയത്ത് ആകാശമാകെ ഡ്രോണുകളുടെ ഒരു കനത്ത വലയം താൻ കണ്ടതായും അദ്ദേഹം പറഞ്ഞു.

എന്നാൽ ഈ വെളിപ്പെടുത്തൽ പൂർണ്ണമായി വിശ്വസിക്കാൻ യു.എസ് ഇൻ്റലിജൻസ് തയ്യാറായിട്ടില്ല. അപകടത്തിൽ പൈലറ്റിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കൂടാതെ, ഇതേ യുദ്ധത്തിൽ നേരത്തെ കുവൈറ്റ് വിമാനങ്ങളുടെ അബദ്ധത്തിലുള്ള ആക്രമണം കാരണവും ഇദ്ദേഹത്തിൻ്റെ വിമാനം തകർന്നിരുന്നു. അതിനാൽ ഭയവും പരിക്കും കാരണം പൈലറ്റിന് തോന്നിയ കാഴ്ചയാണോ ഇതെന്ന് ഇൻ്റലിജൻസ് വിഭാഗം പരിശോധിക്കുന്നുണ്ട്.

ഇറാൻ ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പുതിയൊരു വ്യോമപ്രതിരോധ സംവിധാനമാണ് ഉപയോഗിച്ചതെന്നു മാത്രമാണ് ഇറാൻ വ്യക്തമാക്കിയത്.

എന്നാൽ, അമേരിക്കയുടെ പരമ്പരാഗത വ്യോമശക്തിയെ പ്രതിരോധിക്കാൻ റഷ്യയുടെയോ ചൈനയുടെയോ സഹായത്തോടെ ഇറാൻ ഈ അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതാണെങ്കിൽ അത് ആഗോള യുദ്ധചരിത്രത്തിൽ തന്നെ വലിയൊരു വഴിത്തിരിവാകുമെന്നാണ് പ്രതിരോധ വിദഗ്ദ്ധരുടെ വിലയിരുത്തൽ.

Technology that defies science fiction; Was it Iran’s ‘Jellyfish’ drone that shot down the US fighter jet? What is this?

More Stories from this section

family-dental
witywide