തിരുവനന്തപുരം വട്ടിയൂർക്കാവിൽ കെ. മുരളീധരനാണ് യു.ഡി.എഫ്. സ്ഥാനാർഥിയെങ്കിൽ സഹോദരി പത്‌മജാ വേണുഗോപാലിനെ രംഗത്തിറക്കാൻ ബിജെപി. മുപ്പതോളം മണ്ഡലങ്ങളിൽ ബി.ജെ.പി. സ്ഥാനാർഥികളുടെ സാധ്യതാപട്ടിക തയ്യാറാക്കിയിട്ടുണ്ട്. പ്രധാനനേതാക്കളെ ഉൾപ്പെടുത്തിയുള്ള പട്ടിക കഴിഞ്ഞദിവസം തിരുവനന്തപുരത്തുചേർന്ന തിരഞ്ഞെടുപ്പ് സമിതി ചർച്ചചെയ്തു.
തിരുവനന്തപുരം നേമത്ത് ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ മത്സരിക്കുക. പാലക്കാട്, വട്ടിയൂർക്കാവ്, ഹരിപ്പാട്, കായംകുളം, അരൂർ എന്നിവിടങ്ങളിലാണ് ശോഭയുടെ പേരുയർന്നത്. ഇതിൽ ഹരിപ്പാട് അവരെ മാത്രമേ പരിഗണിച്ചിട്ടുള്ളൂ. വട്ടിയൂർക്കാവിൽ മത്സരിക്കണമെന്ന് ശോഭയ്ക്ക് താത്പര്യമുണ്ടെങ്കിലും ആർ. ശ്രീലേഖയുടെ നിലപാടുകൂടി പരിഗണിക്കും. ഇവിടെ പത്മജയ്ക്കൊപ്പം നടൻ കൃഷ്ണകുമാറും പട്ടികയിലുണ്ട്. 90 സീറ്റിൽ ബി.ജെ.പി.യും അൻപതിടത്ത് ബി.ഡി.ജെ.എസ്. ഉൾപ്പെടെയുള്ള ഘടകകക്ഷികളും മത്സരിക്കും.
കഴക്കൂട്ടത്ത് വി. മുരളീധരനും കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും ആറന്മുളയിൽ കുമ്മനം രാജശേഖരനും മത്സരിക്കും. ചാത്തന്നൂർ-ബി.ബി. ഗോപകുമാർ, കരുനാഗപ്പള്ളി-ജിതിൻദേവ്, തിരുവല്ല-അനൂപ് ആന്റണി, മലമ്പുഴ-സി. കൃഷ്‌ണകുമാർ, കൊടുങ്ങല്ലൂർ-ബി. ഗോപാലകൃഷ്‌ണൻ, കോഴിക്കോട് നോർത്ത്-നവ്യാഹരിദാസ്, പാലാ-ഷോൺജോർജ്, തിരുവനന്തപുരം-കരമന ജയൻ എന്നിവർ സ്ഥാനാർഥികളാകും. തർക്കങ്ങളോ ഒന്നിലധികം പേരുകളോ ഉയരാത്ത മണ്ഡലങ്ങളിലാണ് സാധ്യതാപട്ടിക തയ്യാറായത്.
കേന്ദ്ര പാർലമെൻ്ററി ബോർഡ് പട്ടിക പരിഗണിക്കും. ആറ്റിങ്ങലിൽ രണ്ടുപേരാണ് പരിഗണനയിൽ-പി. സുധീർ, തിരുവനന്തപുരം ഡെപ്യൂട്ടിമേയർ ജി.എസ്. ആശാനാഥ്. ഒല്ലൂരിൽ ജേക്കബ് തോമസ് മത്സരിക്കും. കൊട്ടാരക്കരയിൽ കഴിഞ്ഞതവണ കെ.എൻ. ബാലഗോപാലിനെതിരേ മത്സരിച്ച കോൺഗ്രസിലെ ആർ. രശ്‌മിയെ സ്ഥാനാർഥിയാക്കുമോയെന്ന് ബി.ജെ.പി. സ്ഥിരീകരിച്ചില്ല. ശോഭാസുരേന്ദ്രൻ മത്സരിക്കുന്നില്ലെങ്കിൽ പ്രശാന്ത് ശിവനാണ് പാലക്കാട്ട് സാധ്യത. അതേസമയം, തൃശ്ശൂരിൽ സ്ഥാനാർത്ഥി തീരുമാനമായില്ല. എറണാകുളത്ത് തൃപ്പൂണിത്തുറയും ആലുവയും കഴിഞ്ഞാൽ മറ്റിടങ്ങളിൽ ട്വൻ്റി 20-യ്ക്കായിരിക്കും കൂടുതൽ സീറ്റുകൾ നൽകുക.
K. Muraleedharan vs Padmaja fight in Vattiyoorkavu?











