
കൊച്ചി: ലോകത്തിനു വേണ്ടി സ്വയം ബലിയായിത്തീർന്ന യേശുക്രിസ്തുവിൻ്റെ പീഡാനുഭവങ്ങളുടെയും കുരിശുമരണത്തിൻ്റെയും ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. മനുഷ്യകുലത്തിൻ്റെ പാപപരിഹാരത്തിനായി കുരിശിലേറ്റപ്പെട്ട ക്രിസ്തുവിൻ്റെ ത്യാഗസ്മരണയിൽ പ്രാർത്ഥനാനിർഭരമായാണ് വിശ്വാസികൾ ഈ ദിനത്തെ കാണുന്നത്.
കേരളത്തിലെ വിവിധ ദേവാലയങ്ങളിൽ പുലർച്ചെ മുതൽ പ്രത്യേക പ്രാർത്ഥനകളും പീഡാനുഭവ വായനയും നടന്നു വരുന്നു. യേശുവിൻ്റെ അന്ത്യയാത്രയെ അനുസ്മരിപ്പിക്കുന്ന ‘കുരിശിൻ്റെ വഴി’ ശുശ്രൂഷകളിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കുചേരുന്നത്. പലയിടങ്ങളിലും മലകയറ്റവും നഗരപ്രദക്ഷിണങ്ങളും കുരിശിൻ്റെ വഴിയുടെ ഭാഗമായി നടക്കുന്നുണ്ട്.
വിശ്വാസികൾ ഈ ദിവസം പൂർണ്ണമായ ഉപവാസത്തോടും പശ്ചാത്താപത്തോടും കൂടിയാണ് ചെലവഴിക്കുന്നത്. പള്ളികളിൽ കുരിശു വന്ദനവും പ്രത്യേക ആരാധനകളും നടക്കുന്നു. കയ്പുനീർ കുടിച്ച് യേശുവിൻ്റെ പീഡാനുഭവങ്ങളിൽ പങ്കുചേരുന്ന ചടങ്ങും പലയിടങ്ങളിലുമുണ്ട്. ദുഃഖശനിയാഴ്ചത്തെ കാത്തിരിപ്പിന് ശേഷം ഞായറാഴ്ച ലോകമെങ്ങും യേശുവിൻ്റെ ഉയിർത്തെഴുന്നേൽപ്പിൻ്റെ സ്മരണയിൽ ഈസ്റ്റർ ആഘോഷിക്കും. വിശുദ്ധ വാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ദിനത്തിൽ ലോകസമാധാനത്തിനായും മാനവരാശിയുടെ നന്മയ്ക്കായും പ്രത്യേക പ്രാർത്ഥനകൾ ദേവാലയങ്ങളിൽ ഉയരുന്നു.
കോട്ടയം പാമ്പാടി മാർ കുറിയാക്കോസ് ദയറായിലെ ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിക്കും. രാവിലെ എട്ടിന് പ്രഭാത നമസ്കാരത്തോടെ ശുശ്രൂഷകൾ ആരംഭിക്കും. ഒന്നാം ശുശ്രൂഷ, സ്ലീബാ വന്ദനവ്, കബറടക്ക ശുശ്രൂഷ എന്നിവയെത്തുടർന്ന് നേർച്ചക്കഞ്ഞി വിതരണം ഉണ്ടാകും. വൈകുന്നേരം 6.30ന് സന്ധ്യാ നമസ്കാരവും ജാഗരണ പ്രാർഥനയും നടക്കും. രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ ദിവ്യകാരുണ്യ ആരാധന നടക്കും. 3 മണിക്ക് പീഡാസഹന അനുസ്മരണം, കുരിശാരാധന, കുരിശിന്റെ വഴി എന്നിവയ്ക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ നേതൃത്വം നൽകും. വൈകുന്നേരം 6.45ന് തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും. രാവിലെ 8 മുതൽ 3 വരെ ആരാധന നടക്കും. ഉച്ചയ്ക്ക് 12.30ന് നേർച്ചക്കഞ്ഞി വിതരണവും 3 മണിക്ക് പീഡാനുഭവ വെള്ളി തിരുക്കർമങ്ങളും നടക്കും. ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ മുഖ്യകാർമികനാകും. പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രലിൽ യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
Today is Good Friday, believers commemorate the sacrifice















