
മിഷിഗൺ: അമേരിക്കയിലെ മിഷിഗണിൽ ജൂത ആരാധനാലയമായ (സിനഗോഗ്) ടെമ്പിൾ ഇസ്രായേലിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം നടത്തിയ പ്രതി കൊല്ലപ്പെട്ടു. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12.20-ഓടെയാണ് (ഇന്ത്യൻ സമയം രാത്രി 9.50) സംഭവം. 41 വയസ്സുകാരനായ അയ്മൻ മുഹമ്മദ് ഗസാലിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
സ്ഫോടകവസ്തുക്കളും ആയുധങ്ങളുമായി എത്തിയ പ്രതി തൻ്റെ ട്രക്ക് സിനഗോഗിൻ്റെ പ്രധാന വാതിലുകൾ തകർത്ത് അകത്തേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. തുടർന്ന് വാഹനത്തിന് തീപിടിക്കുകയും വലിയ തോതിൽ പുക ഉയരുകയും ചെയ്തു. ആയുധധാരിയായ ഇയാളെ സിനഗോഗിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ആക്രമണ സമയത്ത് സിനഗോഗിനോട് ചേർന്നുള്ള പ്രീ-സ്കൂളിൽ എഴുപതോളം കുട്ടികൾ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കേറ്റില്ല. കുട്ടികളെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ഏറ്റുമുട്ടലിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്.
ലെബനൻ വംശജനായ പ്രതി 2011-ലാണ് അമേരിക്കയിലെത്തിയത്. പത്ത് ദിവസം മുമ്പ് ലെബനനിലുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇയാളുടെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നതായും ഇത് ആക്രമണത്തിന് പ്രേരിപ്പിച്ചതാകാമെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ എഫ്.ബി.ഐ വിശദമായ അന്വേഷണം ആരംഭിച്ചു. ഇതൊരു ഭീകരാക്രമണമായാണ് അധികൃതർ കണക്കാക്കുന്നത്.
ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് രംഗത്തെത്തി. സംഭവത്തെ “ഭയാനകം” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ജൂതസമൂഹത്തിന് തൻ്റെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും വാഗ്ദാനം ചെയ്തു.
വൈറ്റ് ഹൗസിൽ നടന്ന ഒരു ചടങ്ങിനിടെയാണ് ട്രംപ് സംഭവത്തിൽ പ്രതികരിച്ചത്. “ഇത് അങ്ങേയറ്റം ദുഃഖകരമായ കാര്യമാണ്. മിഷിഗണിലെയും ഡെട്രോയിറ്റിലെയും നമ്മുടെ സുഹൃത്തുക്കൾക്കും ജൂതസമൂഹത്തിനും ഞാൻ സ്നേഹം കൈമാറുന്നു. ഇത്തരം സംഭവങ്ങൾ ഇപ്പോഴും നടക്കുന്നു എന്നത് വിശ്വസിക്കാനാവുന്നില്ല,” ട്രംപ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് തനിക്ക് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. ജൂതവിരുദ്ധതയ്ക്കും ഇത്തരം അക്രമങ്ങൾക്കും തൻ്റെ ഭരണകൂടം കർശനമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Truck Drives into Michigan Synagogue: Lebanese Attacker Shot and Killed; Trump Calls It ‘Horrible’
















