
വാഷിംഗ്ടൺ: അമേരിക്കയിൽ ഡോണാൾഡ് ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള വിദ്യാഭ്യാസ വകുപ്പ്, കറുത്ത വർഗക്കാരായ വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള വിവിധ പദ്ധതികളിൽ നിന്നും നിയമപരമായ നിലപാടുകളിൽ നിന്നും പിന്നോട്ട് പോകുന്നതായി റിപ്പോർട്ടുകൾ. സ്കൂളുകളിലെ വൈവിധ്യവൽക്കരണ പദ്ധതികൾ വെളുത്ത വർഗക്കാരായ വിദ്യാർത്ഥികളോട് കാണിക്കുന്ന വിവേചനമാണെന്ന വിലയിരുത്തലിലാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ പുതിയ നീക്കം.
ഷിക്കാഗോ പബ്ലിക് സ്കൂളുകളിലെ കറുത്ത വർഗക്കാരായ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള പ്രത്യേക പ്രോഗ്രാം അവസാനിപ്പിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഫെഡറൽ ഫണ്ടിൽ നിന്നും 20 മില്യൺ ഡോളറിലധികം തുക വിദ്യാഭ്യാസ വകുപ്പ് തടഞ്ഞുവെച്ചു. ലോസ് ഏഞ്ചൽസിലും വംശീയമായ പഠന പിന്നാക്കാവസ്ഥ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള സമാനമായ ശ്രമങ്ങൾ ഇതേ രീതിയിലുള്ള കടുത്ത സമ്മർദ്ദങ്ങൾ നേരിടുകയാണ്. 2020-ൽ മിനിയാപൊളിസിൽ ജോർജ്ജ് ഫ്ലോയിഡ് കൊല്ലപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥികൾ നടത്തിയ ശക്തമായ പ്രതിഷേധങ്ങളുടെ ഫലമായാണ് ലോസ് ഏഞ്ചൽസ് യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്റ്റ് ‘ബ്ലാക്ക് സ്റ്റുഡൻ്റ് അച്ചീവ്മെൻ്റ് പ്ലാൻ’ രൂപീകരിച്ചത് . കറുത്ത വർഗക്കാരായ വിദ്യാർത്ഥികൾ കൂടുതലുള്ള സ്കൂളുകളിൽ അധിക അധ്യാപകരെയും കൗൺസിലർമാരെയും നിയമിച്ചും കറുത്ത വർഗക്കാരുടെ ചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയുമാണ് ഈ പദ്ധതി നടപ്പാക്കിയിരുന്നത്.
തുടക്കത്തിൽ, കറുത്ത വർഗക്കാരായ വിദ്യാർത്ഥികളുടെ എണ്ണത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പദ്ധതിക്കായി സ്കൂളുകളെ തിരഞ്ഞെടുത്തിരുന്നത്. എന്നാൽ 2023-ൽ വിർജീനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഡിഫെൻഡിംഗ് എഡ്യൂക്കേഷൻ’ എന്ന യാഥാസ്ഥിതിക കൂട്ടായ്മ, ഈ പദ്ധതി കറുത്ത വർഗക്കാരല്ലാത്ത വിദ്യാർത്ഥികളോട് വിവേചനം കാണിക്കുന്നതാണെന്ന് ആരോപിച്ച് വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകി. ഇതേത്തുടർന്ന്, സ്കൂളുകളെ തിരഞ്ഞെടുക്കാൻ ഇനി മുതൽ കറുത്ത വർഗക്കാരായ വിദ്യാർത്ഥികളുടെ എണ്ണം മാനദണ്ഡമാക്കില്ലെന്ന് സ്കൂൾ ഡിസ്ട്രിക്റ്റ് അധികൃതർ വ്യക്തമാക്കി. പകരം, ഉയർന്ന തോതിലുള്ള സ്കൂൾ ഹാജരില്ലായ്മ, കുറഞ്ഞ പരീക്ഷാ മാർക്കുകൾ തുടങ്ങിയ പൊതുവായ മാനദണ്ഡങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും, ജാതി-വംശ ഭേദമന്യേ എല്ലാ വിദ്യാർത്ഥികൾക്കും ഇതിൽ പങ്കാളികളാകാമെന്നും അവർ കൂട്ടിച്ചേർത്തു
വംശത്തിൻ്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന നൽകുന്നത് നിയമവിരുദ്ധമാണെന്നാണ് വൈറ്റ് ഹൗസിൻ്റെ നിലപാട്. സ്കൂളുകളിലെ വൈവിധ്യം ഉറപ്പാക്കുന്ന പദ്ധതികൾ തുല്യനീതിക്ക് വിരുദ്ധമാണെന്ന് ട്രംപ് ഭരണകൂടം വാദിക്കുന്നു. ലോസ് ഏഞ്ചൽസ്, പോർട്ട്‌ലാൻഡ് തുടങ്ങിയ നഗരങ്ങളിലെ സ്കൂളുകളിൽ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികളെ സഹായിക്കാൻ രൂപീകരിച്ച പ്രത്യേക വികസന പദ്ധതികൾക്കെതിരെയും ഭരണകൂടം ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗവൺമെൻ്റിൻ്റെ ഈ നീക്കം ദശാബ്ദങ്ങളായുള്ള പൗരാവകാശ ചരിത്രത്തെ അട്ടിമറിക്കുന്നതാണെന്നും, ഇത് കറുത്ത വർഗക്കാരായ വിദ്യാർത്ഥികളെ വലിയ രീതിയിൽ ദോഷകരമായി ബാധിക്കുമെന്നും പൗരാവകാശ പ്രവർത്തകർ ആശങ്ക പ്രകടിപ്പിച്ചു. “ഇത് യഥാർത്ഥത്തിൽ പൗരാവകാശ നിയമത്തിന്റെ ലക്ഷ്യത്തെത്തന്നെ തലകീഴായി മറിക്കുന്ന ഒന്നാണ്. ഇത് കറുത്ത വർഗക്കാരായ വിദ്യാർത്ഥികളെയും മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികളെയും മാത്രമല്ല, മറിച്ച് സ്കൂൾ സമൂഹത്തെ മുഴുവനായും ദോഷകരമായി ബാധിക്കും,” ലോയേഴ്സ് കമ്മിറ്റി ഫോർ സിവിൽ റൈറ്റ്സ് അണ്ടർ ലോയിലെ എജ്യുക്കേഷണൽ ഓപ്പർച്യുണിറ്റീസ് പ്രോജക്ട് ഡയറക്ടർ മൈക്കൽ പില്ലേര പറഞ്ഞു. “നമ്മുടെ രാജ്യത്തിൻ്റെ യഥാർത്ഥ ചരിത്രത്തിൽ നിന്നോ ഇവിടുത്തെ ജീവിത യാഥാർത്ഥ്യങ്ങളിൽ നിന്നോ യാതൊരു ബന്ധവുമില്ലാത്ത ഒരു തീരുമാനമാണിത്”- അദ്ദേഹം കൂട്ടിച്ചേർത്തു.
Trump administration’s new move; Blocking development projects for black students, arguing it is against equal rights















