ഉറ്റ സുഹൃത്തുക്കൾ തമ്മിലെന്ത്! തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ട്രംപിന്റെ ഗാസ റോഡ്‌മാപ് പ്രഖ്യാപനം; ബെഞ്ചമിൻ നെതന്യാഹുവും കടുത്ത പ്രതിസന്ധിയിൽ

വാഷിംഗ്ടൺ/ദോഹ: തന്റെ ജനപ്രീതി 32 ശതമാനത്തിലേക്ക് കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ, നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ ഗാസ റോഡ്‌മാപ്പ് പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയമായി തനിക്കേറ്റ തിരിച്ചടികൾ മറികടക്കാനും ജനശ്രദ്ധ തിരിക്കാനുമുള്ള ട്രംപിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഈ വമ്പൻ പ്രഖ്യാപനമെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ മുഹമ്മദ് എൽമസ്രി വിലയിരുത്തി.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ വിജയപ്രതീക്ഷകൾക്ക് ട്രംപിന്റെ നിലവിലെ വിദേശനയം എത്രത്തോളം ആഘാതമേൽപ്പിച്ചിട്ടുണ്ടെന്ന് പറയാനാവില്ലെന്ന് ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജ്വേറ്റ് സ്റ്റഡീസിലെ പ്രൊഫസറായ എൽമസ്രി അൽ ജസീറയോട് പറഞ്ഞു. ട്രംപിന്റെ ഈ പ്രഖ്യാപനത്തോടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കടുത്ത ഇരുട്ടടി നേരിടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വശത്ത് യുഎസിനോടുള്ള പൂർണ്ണ വിശ്വസ്തത പ്രകടിപ്പിക്കേണ്ടിവരുമ്പോൾ, ഗാസയിൽ നിന്ന് ഇസ്രായേൽ പൂർണ്ണമായും പിന്മാറേണ്ടി വരുന്ന തരത്തിലുള്ള ഒരു കരാറിനോടും യോജിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇസ്രായേലിലെ തീവ്ര വലതുപക്ഷ വിഭാഗങ്ങൾ.

നിലവിലെ സാഹചര്യത്തിൽ അറബ് മേഖലയിലും ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ രാജ്യങ്ങളിലും പുതിയ സഖ്യകക്ഷികളെ കണ്ടെത്താനാണ് ഇസ്രായേൽ ശ്രമിക്കുന്നത്. ഒക്ടോബർ 27-ന് നടക്കാനിരിക്കുന്ന നിർണ്ണായകമായ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ രാഷ്ട്രീയ പോരാട്ടത്തിനാണ് നെതന്യാഹുവും ഇപ്പോൾ ഒരുങ്ങുന്നത്.

More Stories from this section

family-dental
witywide