‘3 കോടി ജീവൻ രക്ഷിച്ചതിൽ പാകിസ്താൻ നന്ദിയറിയിച്ചു’, ഇന്ത്യ-പാക് സംഘർഷം ഉൾപ്പെടെ 8 യുദ്ധങ്ങൾ പരിഹരിച്ചെന്ന് വീണ്ടും ട്രംപ്; ഇറാന്‍റെ കാര്യത്തിൽ തീരുമാനം വൈകില്ല

അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിനുശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം ഉൾപ്പെടെ എട്ട് യുദ്ധങ്ങൾ പരിഹരിച്ചതായി വീണ്ടും ഡോണൾഡ് ട്രംപിന്റെ അവകാശവാദം. തന്റെ സമയോചിതമായ ഇടപെടൽ കാരണം 3 കോടി ആളുകളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചുവെന്ന് പാക് പ്രധാനമന്ത്രി നന്ദിക്കത്തിൽ അറിയിച്ചതായും യു.എൻ. പൊതുസഭയിൽ സംസാരിക്കവേ ട്രംപ് എടുത്തുപറഞ്ഞു. വ്യാപാരം, താരിഫുകൾ, രാജ്യങ്ങൾ തമ്മിലുള്ള വ്യക്തിബന്ധങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഇത്തരം സമാധാന കരാറുകളിൽ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യയുടെയും യുക്രൈന്റെയും നേതാക്കളുമായി അടുത്തബന്ധമുണ്ടെന്നും പ്രതീക്ഷിക്കുന്നതിനേക്കാൾ വേഗത്തിൽ അവർ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ സാധിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. അതേസമയം, ഇറാന് എതിരെ കടുത്ത വിമർശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യിലൂടെ ഇറാന്റെ സൈനികശേഷിയും സമ്പദ്‌വ്യവസ്ഥയും തകർന്നു. ഇറാനെ പൂർണമായി നശിപ്പിക്കണോ അതോ കരാറിലെത്തണോ എന്നതാണ് തനിക്ക് മുന്നിലുള്ള തീരുമാനമെന്നും ഇറാന് ഒരിക്കലും ആണവായുധം അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാൻ യുദ്ധം എങ്ങനെയായാലും അവസാനിപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപനം നടത്തി.

ഇറാനെ തകർത്തെറിയണോ, അതോ കരാറിലെത്തണോ എന്നും ട്രംപ് ചോദിച്ചു. നവംബർ 3 ന് നടക്കുന്ന അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനുമായി ഒരു കരാറിലെത്താൻ സാധിക്കുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവെച്ചു. ഇടക്കാല തിരഞ്ഞെടുപ്പിൽ തന്റെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് അറിയാൻ ഇറാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതു സംഘർഷത്തിൽ നിർണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾക്ക് ലോകം തന്നോട് നന്ദിയുള്ളവരാണെന്നും യു എസ് പ്രസിഡന്‍റ് യു എൻ ജനറൽ അസംബ്ലിയിൽ അവകാശപ്പെട്ടു. എന്നാൽ ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളെക്കുറിച്ച് ട്രംപ് സംസാരിക്കാൻ തുടങ്ങിയതോടെ യു.എന്നിലെ ഇറാനിയൻ പ്രതിനിധി സംഘം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Trump Claims Resolving 8 Conflicts Including India-Pakistan Tension; Says Pakistan Thanked Him for Saving 30 Million Lives

Also Read

More Stories from this section

family-dental
witywide