ശിക്ഷയുടെയും പ്രതികാരത്തിന്‍റെയും ദിനം വരുന്നു, കടുത്ത വാക്കുകളുമായി ട്രംപ്; മിനസോട്ടയിലെ ഐസ് ഏജന്‍റുമാർക്ക് പ്രശംസ

വാഷിംഗ്ടൺ: മിനസോട്ടയിൽ കുടിയേറ്റ വിരുദ്ധ റെയ്ഡുകൾ നടത്തുന്ന ഫെഡറൽ ഏജന്‍റുമാരെ പ്രശംസിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഐസ് ഏജന്‍റുമാർ രാജ്യത്തെ സ്നേഹിക്കുന്ന യഥാർത്ഥ ‘ദേശസ്‌നേഹികളാണെന്നും’ കുറ്റവാളികളായ അനധികൃത കുടിയേറ്റക്കാരെ സമൂഹത്തിൽ നിന്ന് നീക്കം ചെയ്യുക എന്നതുമാത്രമാണ് അവരുടെ ലക്ഷ്യമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി വ്യക്തമാക്കി. മിനസോട്ടയിലെ കുടിയേറ്റ വേട്ടയ്ക്കിടെ ഒരു യുവതി കൊല്ലപ്പെട്ടതിനെത്തുടർന്ന് വലിയ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രതികരണം.

മിനസോട്ടയിലെ ഡെമോക്രാറ്റിക് നേതാക്കൾക്കെതിരെയും ട്രംപ് കടുത്ത ഭാഷയിൽ ആഞ്ഞടിച്ചു. സംസ്ഥാനത്ത് ഏകദേശം 19 ബില്യൺ ഡോളറിന്‍റെ സാമ്പത്തിക തട്ടിപ്പ് നടന്നതായും അത് മറച്ചുവെക്കാനാണ് ഡെമോക്രാറ്റുകൾ പ്രതിഷേധക്കാരെ പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മിനസോട്ടയിലെ ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും ‘ശിക്ഷയുടെയും പ്രതികാരത്തിന്റെയും ദിനം’ വരികയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ച മിനസോട്ടയിൽ ഫെഡറൽ ഏജന്‍റിന്‍റെ വെടിയേറ്റ് മൂന്ന് മക്കളുടെ അമ്മയായ റെനി ഗുഡ് കൊല്ലപ്പെട്ടതിനെക്കുറിച്ച് ട്രംപ് പ്രത്യേകം പരാമർശിച്ചില്ലെങ്കിലും, അവർ അക്രമാസക്തയും തീവ്രവാദ ചിന്താഗതിയുള്ളവളുമായിരുന്നുവെന്ന് നേരത്തെ അദ്ദേഹം സൂചിപ്പിച്ചിരുന്നു.

മിനസോട്ടയിലെയും ഇല്ലിനോയിയിലെയും ഗവർണർമാർ ട്രംപിന്റെ ഈ നടപടികൾക്കെതിരെ നിയമപോരാട്ടത്തിലാണ്. ഫെഡറൽ ഏജന്റുമാർ സാധാരണക്കാരെ ഭയപ്പെടുത്തുകയാണെന്നും ഭരണഘടനാ വിരുദ്ധമായ രീതിയിലാണ് റെയ്ഡുകൾ നടത്തുന്നതെന്നും സംസ്ഥാന സർക്കാരുകൾ ആരോപിക്കുന്നു. എന്നാൽ ഷിക്കാഗോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ തങ്ങളുടെ ഇടപെടൽ മൂലം കുറ്റകൃത്യങ്ങൾ കുറഞ്ഞുവെന്നാണ് ട്രംപിന്‍റെ അവകാശവാദം. വരും ദിവസങ്ങളിൽ കൂടുതൽ ഫെഡറൽ ഏജന്‍റുമാരെ മിനസോട്ടയിലേക്ക് അയക്കാനാണ് വൈറ്റ് ഹൗസിന്‍റെ തീരുമാനം. ഇത് സംസ്ഥാന സർക്കാരും അമേരിക്കൻ ഭരണകൂടവും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാക്കിയേക്കാം.

More Stories from this section

family-dental
witywide