ട്രംപിന്റെ പ്രസംഗത്തിനിടെ അസാധാരണ ശബ്ദങ്ങൾ; സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു, ആരോഗ്യത്തെക്കുറിച്ചും ആശങ്ക

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സൗത്ത് കരോലിനയിലെയും അയോവയിലെയും തിരഞ്ഞെടുപ്പ് റാലികളിലെ പ്രസംഗത്തിനിടെ അസാധാരണ ശബ്ദങ്ങൾ പുറത്തുവന്നത് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ട്രംപ് സംസാരിക്കുന്നതിനിടെ വിചിത്രമായ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതിന്റെ ദൃശ്യങ്ങൾ നിരവധി പേർ പങ്കുവച്ചു. ക്ലെംസണിൽ നടന്ന റാലിക്കിടെ പ്രസംഗത്തിനിടയിൽ ട്രംപ് അസാധാരണ ശബ്ദമുണ്ടാക്കിയതായി ദി ഇൻഡിപെൻഡന്റും റിപ്പോർട്ട് ചെയ്തു. ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻമാർ തങ്ങളുടെ സീറ്റുകൾ നിലനിർത്താനും ഡെമോക്രാറ്റുകൾ സ്വാധീനം വർധിപ്പിക്കാനും ശ്രമിക്കുന്നതിനിടെയാണ് സംഭവം.

സൗത്ത് കരോലിനയിലെ ലെഫ്റ്റനന്റ് ഗവർണറെക്കുറിച്ച് സംസാരിക്കുന്നതിനിടെ ട്രംപ് ‘ഇയു’ എന്ന തരത്തിലുള്ള ശബ്ദം പുറപ്പെടുവിക്കുന്നതാണ് ഒക്ടോബർ 21ന് പ്രചരിച്ച ദൃശ്യത്തിലുള്ളത്. “ഗവർണറെ തിരഞ്ഞെടുക്കാൻ ഞാൻ തീരുമാനിച്ചതിന്റെ 90 ശതമാനം കാരണവും…” എന്നു പറഞ്ഞശേഷം അദ്ദേഹം അസാധാരണ ശബ്ദമുണ്ടാക്കുന്നതായി വീഡിയോയിൽ കാണാം. ഒക്ടോബർ 22ന് അയോവയിൽ നടന്ന റാലിയുടെ ദൃശ്യത്തിലും സമാനമായ ശബ്ദം കേൾക്കാം. യുഎസ് സെനറ്റിന്റെ നിയന്ത്രണം കമ്യൂണിസ്റ്റുകൾക്ക് ലഭിക്കരുതെന്ന് പറയുന്നതിനിടെയാണ് ട്രംപ് അസാധാരണ ശബ്ദമുണ്ടാക്കിയതെന്നാണ് വീഡിയോ പങ്കുവച്ചവർ പറയുന്നത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സൂം ചെയ്ത് വേഗം കുറച്ചും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ട്രംപിന് ഇത്തരത്തിൽ രണ്ട് സംഭവങ്ങളുണ്ടായെന്നും എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമല്ലെന്നും ഒരു പോസ്റ്റിൽ പറയുന്നു. ട്രംപിന്റെ ശബ്ദം ഹാസ്യപരിപാടികളിലും പരാമർശവിഷയമായി. ദ ടുനൈറ്റ് ഷോയുടെ അവതാരകൻ ജിമ്മി ഫാലൻ, ശബ്ദം ഒരേസമയം ഏമ്പക്കവും വിളിയും ഛർദിക്കാൻ ശ്രമിക്കുന്നതുപോലുള്ള ശബ്ദവും ചേർന്നതാണെന്ന് പരിഹസിച്ചു. പിന്നീട് ട്രംപിന്റെ ശബ്ദം ഉൾപ്പെടുത്തി തയ്യാറാക്കിയ സംഗീതമിശ്രിതവും അദ്ദേഹം അവതരിപ്പിച്ചതായി ഹഫിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

അതേസമയം, സംഭവത്തിന്റെ ദൃശ്യങ്ങൾ ട്രംപിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾക്കും വഴിവച്ചു. അദ്ദേഹത്തിന് ഫ്രോണ്ടോടെംപോറൽ ഡിമെൻഷ്യയുണ്ടെന്ന തരത്തിലുള്ള അവകാശവാദങ്ങൾ ചിലർ സമൂഹമാധ്യമങ്ങളിൽ ഉന്നയിച്ചെങ്കിലും ഇതിന് സ്ഥിരീകരണമില്ല. പ്രസംഗത്തിനിടെ കൈകൾ പെട്ടെന്ന് ചലിക്കുന്നതും മുഖത്ത് മാറ്റങ്ങളുണ്ടാകുന്നതും ചൂണ്ടിക്കാട്ടിയാണ് ചിലർ ഇത്തരം വാദങ്ങൾ ഉന്നയിച്ചത്. ട്രംപിന്റെ ആരോഗ്യത്തെക്കുറിച്ച് മുമ്പും പലതവണ ചർച്ചകൾ ഉയർന്നിട്ടുണ്ട്. എന്നാൽ, ഏറ്റവും പുതിയ വൈദ്യപരിശോധനകളിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് വൈറ്റ് ഹൗസും ട്രംപും അറിയിച്ചിട്ടുള്ളത്. പ്രസംഗത്തിനിടെ കേട്ട അസാധാരണ ശബ്ദങ്ങളുടെ കാരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.

Trump makes ‘weird noises’ during South Carolina, Iowa rallies; social media users baffled by ‘eugh’ sound

More Stories from this section

family-dental
witywide