“250% നികുതി ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി”; ഇന്ത്യ-പാക് യുദ്ധം നിർത്തിയത് താനെന്ന് ആവർത്തിച്ച് ട്രംപ്

വാഷിങ്‌ടൺ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം താൻ ഭീഷണിപ്പെടുത്തി തടഞ്ഞതാണെന്ന വിവാദ അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് ട്രംപ് ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ പരാമർശിച്ച് രംഗത്തെത്തിയത്. ഇരുരാജ്യങ്ങൾക്കും മേൽ 250 ശതമാനം വൻ നികുതി ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് താൻ യുദ്ധം ഒഴിവാക്കിയതെന്ന് ട്രംപ് അവകാശപ്പെട്ടു. വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഫ്ലോറിഡയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ, ആണവായുധ ശേഷിയുള്ള ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക നീക്കങ്ങൾ കഴിഞ്ഞ വർഷം തടഞ്ഞതിന്റെ ക്രെഡിറ്റ് ട്രംപ് സ്വന്തമാക്കി. “സുഹൃത്തുക്കളേ, നിങ്ങൾ യുദ്ധം തുടരുകയാണെങ്കിൽ അമേരിക്കയുമായി വ്യാപാരം നടത്താൻ കഴിയില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. വൻ നികുതി ഭീഷണിയെത്തുടർന്ന് ഇരുരാജ്യങ്ങളും വെടിവെപ്പ് നിർത്തി, യുദ്ധം അവസാനിച്ചു,” ട്രംപ് പറഞ്ഞു.

പതിനൊന്ന് വിമാനങ്ങൾ വെടിവച്ചിട്ടതായും ഐക്യരാഷ്ട്രസഭയുടെ യാതൊരു സഹായവുമില്ലാതെയാണ് താൻ ഈ ഇടപെടൽ നടത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. ലോകത്തെ എട്ടോളം യുദ്ധങ്ങൾ താൻ പരിഹരിച്ചിട്ടും തനിക്ക് നോബൽ സമ്മാനം ലഭിക്കാത്തതിൽ ട്രംപ് നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.

ട്രംപിന്റെ വാദം തള്ളി ഇന്ത്യ

അതേസമയം, വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചത് ട്രംപല്ലെന്നും അദ്ദേഹത്തിന്റെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കി. 2025 ഏപ്രിലിൽ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ വഴി പാക് ഭീകരകേന്ദ്രങ്ങളിൽ തിരിച്ചടി നൽകിയത്. ഇന്ത്യൻ ആക്രമണത്തിൽ ഭീകരവാദ കേന്ദ്രങ്ങൾ തകർന്നതിനെ തുടർന്ന് പാകിസ്താൻ നടത്തിയ അഭ്യർത്ഥന മാനിച്ചാണ് മേയ് 10-ന് സൈനിക നടപടികൾ നിർത്തിവെച്ചത്. വെടിനിർത്തൽ തീരുമാനം ന്യൂഡൽഹിയും ഇസ്ലാമാബാദും നേരിട്ട് ചർച്ച ചെയ്ത് എടുത്തതാണെന്നും മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും ഇന്ത്യ ഔദ്യോഗികമായി വിശദീകരിച്ചിട്ടുണ്ട്.

Trump reiterates that he was the one who stopped the India-Pakistan war.

More Stories from this section

family-dental
witywide