ഇറാനിൽ “നമ്മൾ വിജയിച്ചു” എന്ന് ട്രംപ് ; ടെഹ്‌റാനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ, ഗൾഫ് രാജ്യങ്ങൾക്ക് നേരെ മിസൈൽ വർഷവുമായി ഇറാൻ്റെ തിരിച്ചടി, യുദ്ധഭീതിയിൽ പശ്ചിമേഷ്യ

വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാനുമായുള്ള സൈനിക നീക്കത്തിൽ അമേരിക്ക വൻ വിജയം നേടിയതായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. കെൻ്റക്കിയിൽ തൻ്റെ അനുയായികളെ അഭിസംബോധന ചെയ്യവേയാണ് ഇറാനിലെ യുദ്ധം ആദ്യ മണിക്കൂറിൽ തന്നെ അവസാനിച്ചതായും അമേരിക്ക ലക്ഷ്യം കണ്ടതായും അദ്ദേഹം അറിയിച്ചത്.

അമേരിക്കൻ സൈനിക നടപടിക്ക് ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ (Operation Epic Fury) എന്നാണ് പേര് നൽകിയിരിക്കുന്നത്. ഈ പേര് തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും, വിജയിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഈ പേര് കൂടുതൽ അർത്ഥവത്തായെന്നും ട്രംപ് ഇറാനെതിരെ പരിഹാസ രൂപേണ പറഞ്ഞു. ഉദ്യോഗസ്ഥർ പല പേരുകൾ നിർദ്ദേശിച്ചെങ്കിലും ‘എപിക് ഫ്യൂറി’ എന്ന പേരാണ് തന്നെ ആവേശഭരിതനാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മേഖലയിൽ സംഘർഷം കടുപ്പിച്ചുകൊണ്ട് ഇസ്രായേൽ പ്രതിരോധ സേന (IDF) ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ശക്തമായ വ്യോമാക്രമണം നടത്തി. ടെഹ്‌റാനിലെ തന്ത്രപ്രധാനമായ നിരവധി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഐഡിഎഫ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ നാശനഷ്ടങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇസ്രായേൽ പുറത്തുവിട്ടിട്ടില്ല.

തിരിച്ചടിയെന്നോണം അയൽരാജ്യങ്ങളായ യുഎഇക്കും ഖത്തറിനും നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. ആറ് ബാലിസ്റ്റിക് മിസൈലുകളും ഏഴ് ക്രൂയിസ് മിസൈലുകളും 39 ഡ്രോണുകളും ഇറാൻ തങ്ങളുടെ ഭാഗത്തേക്ക് തൊടുത്തുവിട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ ഇവ വരുത്തിയ നാശനഷ്ടങ്ങൾ വ്യക്തമല്ല.

ഖത്തറിന് നേരെ ഒൻപത് ബാലിസ്റ്റിക് മിസൈലുകളും നിരവധി ഡ്രോണുകളുമാണ് ഇറാൻ വിക്ഷേപിച്ചത്. ഇതിൽ എട്ട് മിസൈലുകളെയും എല്ലാ ഡ്രോണുകളെയും തങ്ങളുടെ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തതായി ഖത്തർ അറിയിച്ചു. ലക്ഷ്യം തെറ്റിയ ഒരു മിസൈൽ ജനവാസമില്ലാത്ത പ്രദേശത്താണ് പതിച്ചത്. പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിക്കുന്നതാണ് ഈ പുതിയ സാഹചര്യങ്ങൾ.

Trump says “we won” in Iran; Israel intensifies attacks on Tehran, Iran retaliates with missile fire on Gulf countries

More Stories from this section

family-dental
witywide