വാഷിങ്ടൺ: വർഷത്തിൽ രണ്ടുതവണ ക്ലോക്ക് മാറ്റുന്ന രീതി അവസാനിപ്പിച്ച് ഡേലൈറ്റ് സേവിങ് ടൈം (DST) സ്ഥിരമാക്കാനുള്ള ബിൽ സെനറ്റ് പാസാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബിൽ വൈകുന്നതിന് റിപ്പബ്ലിക്കൻ സെനറ്റർ ടോം കോട്ടനെ ട്രംപ് വിമർശിച്ചു. വെള്ളിയാഴ്ച ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ, “അജ്ഞാത കാരണങ്ങളാൽ” കോട്ടൻ ബിൽ തടയുകയാണെന്നും വർഷത്തിൽ രണ്ടുതവണ ക്ലോക്ക് മാറ്റുന്നതിൽ അമേരിക്കക്കാർ മടുത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
Sunshine Protection Act എന്നറിയപ്പെടുന്ന ബിൽ ജൂലൈയിൽ ജനപ്രതിനിധിസഭ 308-117 വോട്ടിന് പാസാക്കിയിരുന്നു. എന്നാൽ സെനറ്റിൽ ബിൽ മുന്നോട്ടുപോയിട്ടില്ല. നവംബർ 3ലെ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും സെനറ്റ് ഇനി സമ്മേളിക്കുക. ബിൽ പാസാകാനുള്ള സാധ്യത കുറവാണെന്ന് സെനറ്റർ ജോൺ കെന്നഡി പറഞ്ഞപ്പോൾ, പ്രധാന പിന്തുണക്കാരനായ സെനറ്റർ റിക്ക് സ്കോട്ട് നിയമം പാസാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. ബിൽ പാസായാൽ 2027 മുതൽ വർഷം മുഴുവൻ ഡേലൈറ്റ് സേവിങ് ടൈം തുടരും. ശൈത്യകാലത്ത് വൈകുന്നേരങ്ങളിൽ ഒരു മണിക്കൂർ അധികം പകൽവെളിച്ചം ലഭിക്കുമെന്നതാണ് പ്രധാന മാറ്റം.
എന്നാൽ ശൈത്യകാലത്ത് കുട്ടികളും ജോലിക്കാരും ഇരുട്ടിൽ ദിവസം ആരംഭിക്കേണ്ടിവരുമെന്നും കർഷകർ, നിർമാണ തൊഴിലാളികൾ തുടങ്ങിയവരെയും ഇത് ബാധിക്കുമെന്നും കോട്ടൻ വാദിക്കുന്നു. മറുവശത്ത്, വർഷത്തിൽ രണ്ടുതവണ സമയം മാറ്റുന്നത് ഒഴിവാക്കുന്നത് ദൈനംദിന ക്രമത്തിലെ തടസ്സങ്ങൾ കുറയ്ക്കുമെന്നും വൈകുന്നേരങ്ങളിൽ കൂടുതൽ വെളിച്ചം ലഭ്യമാക്കുമെന്നും ബിൽ അനുകൂലിക്കുന്നവർ പറയുന്നു.
1974ൽ ഊർജസംരക്ഷണത്തിന്റെ ഭാഗമായി യുഎസ് വർഷം മുഴുവൻ ഡേലൈറ്റ് സേവിങ് ടൈം നടപ്പാക്കിയിരുന്നെങ്കിലും ജനപിന്തുണ കുറഞ്ഞതിനെ തുടർന്ന് അതേ വർഷം തന്നെ പിൻവലിച്ചിരുന്നു.നിലവിലെ നിയമപ്രകാരം നവംബർ 1ന് ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നിലേക്ക് മാറ്റും.
Trump urges Senate to pass permanent daylight saving time, blames Tom Cotton for delay









