വാഷിങ്ടൺ: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ച ‘ട്രംപ് അക്കൗണ്ട്സ്’ നിക്ഷേപ പദ്ധതി ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. അർഹരായ നവജാത ശിശുക്കൾക്കായി ഫെഡറൽ സർക്കാർ ആരംഭിക്കുന്ന സേവിങ്സ് അക്കൗണ്ടുകളിൽ 1,000 ഡോളർ വീതം ആദ്യ നിക്ഷേപം സർക്കാർ നൽകും. 18 വയസ്സിൽ താഴെ പ്രായമുള്ളതും സോഷ്യൽ സെക്യൂരിറ്റി നമ്പർ ഉള്ളതുമായ എല്ലാ കുട്ടികൾക്കും ട്രംപ് അക്കൗണ്ട് തുറക്കാൻ അർഹതയുണ്ട്. 2025 ജനുവരി 1 മുതൽ 2028 ഡിസംബർ 31 വരെ ജനിക്കുന്ന കുട്ടികൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്താൽ സർക്കാർ ഒറ്റത്തവണയായി 1,000 ഡോളർ അക്കൗണ്ടിൽ നിക്ഷേപിക്കും.
അമേരിക്കൻ ട്രഷറി വകുപ്പിന്റെ കണക്കുകൾ പ്രകാരം ഇതുവരെ 60 ലക്ഷത്തിലധികം ട്രംപ് അക്കൗണ്ടുകൾ തുറന്നുകഴിഞ്ഞു. ഇതിൽ ഏകദേശം 14 ലക്ഷം കുട്ടികൾക്ക് ട്രംപിന്റെ രണ്ടാം ഭരണകാലത്ത് ജനിച്ചതിനാൽ 1,000 ഡോളറിന്റെ സർക്കാർ വിഹിതം ലഭിക്കും. തുറന്ന അക്കൗണ്ടുകളിൽ 86 ശതമാനവും വാർഷിക വരുമാനം രണ്ട് ലക്ഷം ഡോളറിൽ താഴെയുള്ള കുടുംബങ്ങളുടേതാണെന്നും ട്രഷറി വകുപ്പ് അറിയിച്ചു. കുട്ടികളുടെ സാമ്പത്തിക ഭാവി ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചതെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞു. ട്രംപ് അക്കൗണ്ടുകളുടെ മൊബൈൽ ആപ്പ് വഴി രക്ഷിതാക്കൾക്ക് കുട്ടികളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനും സാമ്പത്തിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കാനും സൗകര്യമുണ്ട്.
ഈ ആഴ്ച ആദ്യം പദ്ധതിയെക്കുറിച്ച് പ്രതികരിച്ച ട്രംപ്, “ഒരു കുട്ടിക്ക് ജനനം മുതൽ സാമ്പത്തിക അടിത്തറ ഒരുക്കുന്ന മനോഹരമായ പദ്ധതിയാണിത്. ആ കുഞ്ഞ് പ്രായപൂർത്തിയാകുമ്പോൾ ലക്ഷക്കണക്കിന് ഡോളറിന്റെ സമ്പാദ്യമുണ്ടാകാൻ ഇത് സഹായിച്ചേക്കും,” എന്ന് പറഞ്ഞിരുന്നു. അക്കൗണ്ടിലെ തുക കുട്ടിയുടെ പേരിലായിരിക്കുമെങ്കിലും സാധാരണയായി 18 വയസ്സ് പൂർത്തിയാകുന്നതുവരെ അത് പിൻവലിക്കാൻ കഴിയില്ല. അതുവരെ അക്കൗണ്ട് മാതാപിതാക്കളുടെയോ നിയമപരമായ രക്ഷിതാക്കളുടെയോ നിയന്ത്രണത്തിലായിരിക്കും.
ഉന്നത വിദ്യാഭ്യാസം, പുതിയ സംരംഭങ്ങൾ ആരംഭിക്കൽ, ആദ്യ വീട് വാങ്ങുന്നതിനുള്ള മുൻകൂർ തുക എന്നിവയ്ക്കായി പിഴയില്ലാതെ അക്കൗണ്ടിലെ പണം ഉപയോഗിക്കാം. മറ്റ് ആവശ്യങ്ങൾക്ക് വിരമിക്കൽ നിക്ഷേപ പദ്ധതികൾക്ക് സമാനമായ നികുതി, പിൻവലിക്കൽ വ്യവസ്ഥകൾ ബാധകമാകും.പരമ്പരാഗത വ്യക്തിഗത വിരമിക്കൽ അക്കൗണ്ടുകളുടെ (IRA) മാതൃകയിലാണ് ട്രംപ് അക്കൗണ്ടുകൾ പ്രവർത്തിക്കുക. നികുതി മാറ്റിവെച്ചുള്ള നിക്ഷേപ വളർച്ചയ്ക്ക് അവസരമൊരുക്കുന്ന ഈ പദ്ധതിയിൽ എസ് ആൻഡ് പി 500 സൂചികയെ അടിസ്ഥാനമാക്കിയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലാണ് (ETF) പ്രധാനമായും നിക്ഷേപം നടത്തുക.
ജനനസമയത്ത് സർക്കാർ നിക്ഷേപിക്കുന്ന 1,000 ഡോളർ, നിക്ഷേപ വളർച്ചയിലൂടെ കുട്ടിക്ക് 18 വയസ്സാകുമ്പോഴേക്കും ഏകദേശം 6,000 ഡോളറാകാമെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. ട്രംപ് ഒപ്പുവെച്ച ‘വർക്കിങ് ഫാമിലി ടാക്സ് കട്ട്സ്’ നിയമത്തിന്റെ ഭാഗമായ ഈ പദ്ധതിക്ക് 2028 വരെ ഏകദേശം 17 ബില്യൺ ഡോളർ ചെലവ് വരുമെന്നാണ് സ്വതന്ത്ര ബജറ്റ് നിരീക്ഷണ സമിതിയുടെ കണക്ക്. മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും അക്കൗണ്ടിലേക്ക് അധിക നിക്ഷേപം നടത്താം. തൊഴിലുടമകൾക്കും ജീവനക്കാരുടെ മക്കളുടെ അക്കൗണ്ടിലേക്ക് നികുതിയിളവോടെ സംഭാവന നൽകാൻ അനുമതിയുണ്ട്.
ഉബർ, ഇന്റൽ എന്നിവയുൾപ്പെടെ 50-ലധികം കമ്പനികൾ ജീവനക്കാരുടെ മക്കളുടെ ട്രംപ് അക്കൗണ്ടുകളിലേക്ക് സംഭാവന നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ശതകോടീശ്വരനായ ഇലോൺ മസ്കിന്റെ സ്പേസ് എക്‌സും ഓഹരികൾ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ് പറഞ്ഞെങ്കിലും, ഇക്കാര്യത്തിൽ സ്പേസ് എക്‌സ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. അതേസമയം, ഫെഡറൽ സർക്കാരിന്റെ 1,000 ഡോളർ ആനുകൂല്യത്തിന് അർഹതയില്ലാത്ത താഴ്ന്ന വരുമാനക്കാരായ കുട്ടികൾക്കായി അധിക നിക്ഷേപം നടത്താൻ മൈക്കൽ ആൻഡ് സൂസൻ ഡെൽ ഫൗണ്ടേഷൻ 6.25 ബില്യൺ ഡോളർ അനുവദിക്കുമെന്നും പ്രഖ്യാപിച്ചു.
Trump’s $1K investment accounts roll out for eligible newborns













