ഇറാനുമായുള്ള യുദ്ധത്തെ തുടർന്ന് ഇന്ധനവില കുതിച്ചുയരുന്നതിനിടെ, കരുതൽ ശേഖരത്തിൽനിന്ന് നാല് മാസത്തിനുള്ളിൽ 10 കോടി ബാരൽ എണ്ണ വിപണിയിലെത്തിക്കാൻ ജി7 രാജ്യങ്ങൾ ധാരണയായി. ആദ്യ 20 ദിവസത്തിനുള്ളിൽ വലിയ തോതിൽ ഡീസൽ വിപണിയിലെത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ യുഎസ് ഡീസൽ കയറ്റുമതി നിയന്ത്രിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു.
അന്താരാഷ്ട്ര ഊർജ ഏജൻസി (ഐഇഎ)യുടെ ഏകോപനത്തിലായിരിക്കും എണ്ണശേഖരം വിപണിയിലെത്തിക്കുക. നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ജി7 രാജ്യങ്ങൾ അറിയിച്ചു. യുഎസിൽ ഡീസൽ വില റെക്കോർഡ് ഉയരത്തിലെത്തിയ സാഹചര്യത്തിൽ ആഗോള ഇന്ധനവിപണിയിലെ സമ്മർദം കുറയ്ക്കുകയാണ് ലക്ഷ്യം. നാല് മാസത്തിനുള്ളിൽ 10 കോടി ബാരൽ എണ്ണ ഏകോപിതമായി വിപണിയിലെത്തിക്കും. ആദ്യ 20 ദിവസത്തിനുള്ളിൽ ജി7 രാജ്യങ്ങളും പങ്കാളികളും ഗണ്യമായ അളവിൽ ഡീസൽ ലഭ്യമാക്കുമെന്ന് ജി7 പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, യൂറോപ്പ് വൻതോതിൽ സംഭരിച്ച ഡീസൽ ശേഖരം ഉടൻ വിപണിയിലെത്തിക്കുമെന്ന് സമൂഹമാധ്യമത്തിലൂടെ ട്രംപ് അറിയിച്ചു. ഉയർന്നുവരുന്ന ഇന്ധനവിലയും പെട്രോളിയം ഉൽപന്നങ്ങളുടെ ലഭ്യതയും സംബന്ധിച്ച് ജി7 അധ്യക്ഷനായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ട്രംപ് ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാക്രോണിന്റെ അധ്യക്ഷതയിൽ ജി7 നേതാക്കളുടെ വീഡിയോ യോഗം നടന്നത്. അമേരിക്കയിൽ കൂടുതൽ ഇന്ധനം ലഭ്യമാക്കുന്നതിനൊപ്പം യുഎസിലെ ഇന്ധനശേഖരം സംരക്ഷിക്കാനുള്ള നടപടികളും ട്രംപ് ഭരണകൂടം പരിഗണിക്കുന്നുണ്ട്.
യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് യൂറോപ്യൻ രാജ്യങ്ങളോട് അധിക ഡീസൽ ശേഖരം വിപണിയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. യുഎസ് പ്രതിദിനം 12 ലക്ഷം മുതൽ 15 ലക്ഷം ബാരൽ വരെ ഡീസൽ കയറ്റുമതി ചെയ്യുന്നുണ്ട്. കയറ്റുമതിയിൽ വലിയ കുറവുണ്ടായാൽ ആഗോള വിപണിയിൽ ഇന്ധനവിതരണം കൂടുതൽ കടുപ്പമാകും. വെള്ളിയാഴ്ച യുഎസിലെ ഡീസൽ വില ഗാലണിന് 6.37 ഡോളറായിരുന്നു. സെപ്റ്റംബർ 22ന് രേഖപ്പെടുത്തിയ 6.52 ഡോളറിന്റെ റെക്കോർഡ് വിലയിൽനിന്ന് 15 സെന്റ് കുറവാണിത്. ഇറാനുമായുള്ള യുദ്ധത്തെ തുടർന്നുള്ള വിതരണ തടസ്സങ്ങളും ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കത്തിലെ കുറവും ഡീസൽ വിപണിയിലെ സമ്മർദം വർധിപ്പിച്ചിട്ടുണ്ട്.
Trump’s big fuel deal: Europe to release ‘massive amount’ of diesel; G7 countries to release 100m barrels of oil









