പ്രെറ്റിയുടെ മരണത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ ട്രംപിൻ്റെ നിർണായക നീക്കം; ബോർഡർ പട്രോൾ മേധാവി ഗ്രിഗറി ബോവിനോയെ പിൻവലിച്ചു, ക്രിസ്റ്റി നോമിനേയും തള്ളി, ബോർഡർ സാർ നേരിട്ട് മിനസോട്ടയിലേക്ക്

വാഷിംഗ്ടൺ: യുഎസ് ബോർഡർ പട്രോൾ കമാൻഡർ ഗ്രിഗറി ബോവിനോയും അദ്ദേഹത്തിന്റെ സംഘവും മിനിയാപൊളിസ് വിടാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. മിനിയാപൊളിസിലെ വിവാദപരമായ ഫെഡറൽ ഇമിഗ്രേഷൻ നടപടികളുടെ ചുമതലയിൽ നിന്ന് ബോവിനോയെ ട്രംപ് നീക്കം ചെയ്തതായാണ് റിപ്പോർട്ടുകൾ വരുന്നത്. കമാൻഡർ ബോവിനോ കാലിഫോർണിയയിലെ എൽ സെൻട്രോ സെക്ടറിലുള്ള തന്റെ പഴയ തസ്തികയിലേക്ക് മടങ്ങും.

മിനിയാപൊളിസിൽ നടന്ന ഇമിഗ്രേഷൻ റെയ്ഡുകൾക്കിടയിൽ അലക്സ് പ്രെറ്റി എന്ന യുഎസ് പൗരൻ വെടിയേറ്റു മരിച്ചതിനെത്തുടർന്ന് ശക്തമായ ജനരോഷവും പ്രതിഷേധവും ഉയർന്നിരുന്നു. ഇത് ട്രംപ് ഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കുകയും കടുത്ത ജനകീയ രോഷത്തിന് ഇരയാക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പ്രതിഷേധങ്ങളെ തണുപ്പിക്കാൻ ബോവിനോയെ മാറ്റുന്ന തീരുമാനത്തിലേക്ക് ട്രംപ് എത്തിയത്. ബോവിനോയോടൊപ്പം ചില ഏജന്റുമാരും മടങ്ങുന്നുണ്ടെങ്കിലും, നഗരത്തിലെ ഇമിഗ്രേഷൻ നടപടികൾ പൂർണ്ണമായും അവസാനിപ്പിച്ചിട്ടില്ല.

മിനിയാപൊളിസിലെ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കാൻ വൈറ്റ് ഹൗസ് ബോർഡർ സാർ ടോം ഹോമനെ നിയോഗിച്ചിട്ടുണ്ട്. മിനസോട്ട ഗവർണർ ടിം വാൽസും പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് കമാൻഡറെ മാറ്റാനുള്ള ഈ തീരുമാനം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പ്രെറ്റി വെടിവയ്പ്പുമായി ബന്ധപ്പെട്ട് ക്രിസ്റ്റി നോം അടക്കമുള്ള വൈറ്റ് ഹൌസ് ഉന്നത ഉദ്യോഗസ്ഥരുടെ പ്രകോപനപരമായ അവകാശവാദങ്ങളിൽ നിന്നും ട്രംപ് അകലം പാലിക്കുകയാണ്. പ്രെറ്റി ഒരു “ആഭ്യന്തര ഭീകരൻ” ആണെന്നും ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും ക്രിസ്റ്റി നോമും സ്റ്റീഫൻ മില്ലറും ആരോപിച്ചിരുന്നു. എന്നാൽ ഈ അവകാശവാദങ്ങൾ വീഡിയോ ദൃശ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് വിമർശനങ്ങൾ ഉയർന്നു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ഈ ആരോപണങ്ങളെ ശരിവെക്കാൻ വിസമ്മതിച്ചു. പ്രസിഡൻ്റ് ട്രംപ് പ്രെറ്റിയെ അത്തരത്തിൽ വിശേഷിപ്പിച്ചിട്ടില്ലെന്നും അന്വേഷണത്തിലൂടെ വസ്തുതകൾ പുറത്തുവരട്ടെ എന്നതാണ് അദ്ദേഹത്തിൻ്റെ നിലപാടെന്നും ലെവിറ്റ് വ്യക്തമാക്കി. ക്രിസ്റ്റി നോമിനെ പരസ്യമായി പിന്തുണയ്ക്കുന്നതിൽ നിന്ന് ട്രംപും വിട്ടുനിൽക്കുകയാണ്.

പ്രെറ്റി വെടിവയ്പ്പിൽ ഉൾപ്പെട്ട ഏജന്റുമാർ ഉചിതമായി പ്രവർത്തിച്ചുവെന്ന് കരുതുന്നുണ്ടോ എന്ന് പറയാൻ ഞായറാഴ്ച വാൾസ്ട്രീറ്റ് ജേണലിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വിസമ്മതിച്ചിരുന്നു. അന്വേഷണം പൂർത്തിയാകുന്നത് വരെ കാത്തിരിക്കാനാണ് ട്രംപ് നിർദ്ദേശിച്ചത്. “നമുക്ക് നോക്കാം” എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

Trump’s decisive move amid growing protests over Pretty’s death; Border Patrol chief Gregory Bovino withdrawn.

More Stories from this section

family-dental
witywide