‘ലോസ് ഏഞ്ചൽസിനെ ഇറാൻ തകർക്കട്ടെ’: ട്രംപിൻ്റെ പ്രസംഗം വിവാദത്തിൽ, ‘ഭ്രാന്തൻ പ്രസ്താവന’യെന്ന് ഗവർണർ, വിശദീകരണവുമായി വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: ലോസ് ഏഞ്ചൽസ്, സാൻ ഡിയാഗോ എന്നീ പ്രധാന അമേരിക്കൻ നഗരങ്ങൾ ഇറാൻ ആക്രമിക്കണമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ചുവെന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ ആരോപണം വൈറ്റ് ഹൗസ് ശക്തമായി നിഷേധിച്ചു. മാധ്യമങ്ങൾ യാഥാർത്ഥ്യവുമായി ബന്ധമില്ലാതെ അനാവശ്യ ഭീതി പരത്തുകയാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി നെബ്രാസ്കയിൽ നടന്ന റാലിയിൽ ട്രംപ് നടത്തിയ പ്രസംഗമാണ് വിവാദങ്ങൾക്ക് കാരണമായത്. ആണവായുധങ്ങൾ കൈക്കലാക്കുന്നതിൽ നിന്നും ഇറാാനെ തടയാൻ അമേരിക്ക നടത്തുന്ന നീക്കങ്ങളും, ഇതിന്റെ ഭാഗമായുള്ള ഉയർന്ന എണ്ണവിലയും ന്യായീകരിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. രാജ്യത്തിന്റെയും ലോകത്തിന്റെയും സുരക്ഷയ്ക്കായി ജനങ്ങൾ നൽകേണ്ടി വരുന്ന ചെറിയൊരു വില മാത്രമാണ് ഉയർന്ന ഇന്ധനവിലയെന്ന് ട്രംപ് പറഞ്ഞു. “അവർക്ക് (ഇറാന്) ഒരു നഗരത്തെ തകർക്കാൻ കഴിഞ്ഞേക്കും. അവർ ലോസ് ഏഞ്ചൽസിനെയോ സാൻ ഡിയാഗോയെയോ തകർക്കട്ടെ. ഇതൊരു ചെറിയ വില മാത്രമാണ്, പ്രശ്നങ്ങൾ ഉടൻ തന്നെ അവസാനിക്കും” എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.

എന്നാൽ, ട്രംപ് അമേരിക്കൻ നഗരങ്ങളെ ആക്രമിക്കാൻ ശത്രുരാജ്യത്തിന് ലൈസൻസ് നൽകുകയാണെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ആരോപിച്ചു. ട്രംപിന് മാനസികനില തെറ്റിയിരിക്കുകയാണെന്നും അദ്ദേഹം രാജ്യത്തിന് അപകടകാരിയാണെന്നും ന്യൂസം എക്സിൽ കുറിച്ചു. ഒരു അമേരിക്കൻ നഗരം ആണവാക്രമണത്തിൽ ഇല്ലാതാകുക എന്നത് തമാശയല്ലെന്ന് ഡെമോക്രാറ്റിക് ലീഡർ ഹക്കീം ജെഫ്രീസും പ്രതികരിച്ചു.

അതേസമയം, ട്രംപിന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ചിയാങ് വ്യക്തമാക്കി. ആണവായുധ ശേഷിയുള്ള ഇറാനെ തടഞ്ഞില്ലെങ്കിൽ അമേരിക്കൻ നഗരങ്ങൾക്ക് ഉണ്ടാകാൻ ഇടയുള്ള ഭീഷണിയെക്കുറിച്ചാണ് ട്രംപ് സംസാരിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അവസരം ലഭിച്ചാൽ അമേരിക്കയെ തകർക്കാൻ മടിക്കാത്ത ഇറാനെ തടയാനാണ് യുഎസ് പോരാടുന്നതെന്നാണ് ട്രംപ് വ്യക്തമാക്കിയതെന്ന് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക റാപ്പിഡ് റെസ്‌പോൺസ് വിഭാഗവും അറിയിച്ചു.

ഇറാൻ യുദ്ധവും കടുത്ത വിലക്കയറ്റവും മൂലം വോട്ടർമാർക്കിടയിലുള്ള ജനരോഷം വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ ആശങ്കകൾക്കിടയിലാണ് പുതിയ വിവാദം പുകയുന്നത്.

Trump’s speech sparks controversy; Governor calls it a ‘mad statement’; White House offers explanation.

More Stories from this section

family-dental
witywide