
ജിയുക്വാൻ (ചൈന): ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ ‘ഷെൻഷൗ 24’ പേടകം വിജയകരമായി വിക്ഷേപിച്ചു. രണ്ട് ചൈനീസ് ബഹിരാകാശ സഞ്ചാരികൾക്കൊപ്പം ഒരു പാകിസ്താൻ സഞ്ചാരിയെയും വഹിച്ചുകൊണ്ടാണ് പേടകം ബുധനാഴ്ച രാവിലെ കുതിച്ചുയർന്നത്. ഇതോടെ ചൈനയുടെ ബഹിരാകാശ നിലയമായ ടിയാൻഗോങ്ങിലേക്ക് എത്തുന്ന ആദ്യ വിദേശ സഞ്ചാരി എന്ന നേട്ടം പാകിസ്താൻ സ്വന്തമാക്കി.
വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. റോക്കറ്റിൽ നിന്ന് വിജയകരമായി വേർപെട്ട പേടകം നിശ്ചിത ഭ്രമണപഥത്തിൽ പ്രവേശിച്ചതായി അധികൃതർ അറിയിച്ചു. പാകിസ്താൻ സഞ്ചാരി മുഹമ്മദ് സീഷാൻ അലി (40), ചൈനീസ് സഞ്ചാരികളായ ടാങ് ഹോങ്ബോ (51), വു യി (39) എന്നിവരാണ് ദൗത്യസംഘത്തിലുള്ളത്. 2025 ഫെബ്രുവരിയിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച ബഹിരാകാശ സഹകരണ കരാറിന്റെ ഭാഗമായാണ് ഈ സംയുക്ത ദൗത്യം.
നിലയത്തിൽ എത്തുന്ന സംഘം 90-ലധികം ശാസ്ത്രീയ പരീക്ഷണങ്ങളും സാങ്കേതിക പരിശോധനകളും നടത്തും. ഹ്രസ്വകാല ദൗത്യത്തിനെത്തിയ മുഹമ്മദ് സീഷാൻ അലി ഭ്രമണപഥത്തിൽ വെച്ച് ‘ഫോട്ടോസിന്തറ്റിക് സയനോബാക്ടീരിയ’യുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾക്കാണ് നേതൃത്വം നൽകുക. ദൗത്യം പൂർത്തിയാക്കി ഷെൻഷൗ 23 പേടകത്തിലായിരിക്കും അദ്ദേഹം ഭൂമിയിലേക്ക് മടങ്ങുക. അലിയുടെയും വു യിയുടെയും ആദ്യ ബഹിരാകാശ യാത്രയാണിത്. അതേസമയം, മൂന്ന് തവണ ടിയാൻഗോങ് നിലയത്തിൽ എത്തുന്ന ആദ്യ സഞ്ചാരി എന്ന റെക്കോർഡ് ടാങ് ഹോങ്ബോ സ്വന്തമാക്കി.
വിക്ഷേപണത്തിന് മുന്നോടിയായി നടന്ന യാത്രയയപ്പ് ചടങ്ങിൽ വൻ ജനാവലി പങ്കെടുത്തു. പാകിസ്താൻ-ചൈന സൗഹൃദം ഹിമാലയത്തിന്റെ ഉയരങ്ങളെയും മറികടന്ന് ബഹിരാകാശത്തേക്ക് എത്തുകയാണെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എക്സിലൂടെ ആശംസിച്ചു. പാകിസ്താന് സ്വന്തമായി ബഹിരാകാശ സഞ്ചാരികളെ അയക്കാൻ കഴിയുന്ന ദിവസം വിദൂരമല്ലെന്ന് വിക്ഷേപണ കേന്ദ്രത്തിലെത്തിയ പാക് ആസൂത്രണ-വികസന മന്ത്രി അഹ്സാൻ ഇഖ്ബാൽ ചൗധരി പറഞ്ഞു.
ഭാഷാപരവും സാംസ്കാരികവുമായ വെല്ലുവിളികളെ അതിജീവിച്ചാണ് സംഘം പരിശീലനം പൂർത്തിയാക്കിയത്. വാർത്താ സമ്മേളനത്തിൽ മാൻഡരിൻ ഭാഷയിൽ സംസാരിച്ച അലി, കൂടുതൽ ദൂരം കാണുന്നതിനായി ഒരു നില കൂടി ഉയരത്തിലേക്ക് കയറുന്നതിനെക്കുറിച്ചുള്ള ചൈനീസ് കവിതാശകലം ഉദ്ധരിച്ചത് ശ്രദ്ധേയമായി. ഭാവിയിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഇരുരാജ്യങ്ങളും സംയുക്ത ദൗത്യങ്ങൾ നടത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ 2028-ൽ മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കാൻ ലക്ഷ്യമിടുമ്പോൾ, 2030-ഓടെ ആദ്യ ചാന്ദ്രദൗത്യം യാഥാർത്ഥ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് ചൈന.
China launches Shenzhou 24, marking a historic achievement; a Pakistani national becomes the first foreign astronaut to visit the Tiangong space station















