ഇറാനോട് ഉറച്ച നിലപാട് അറിയിച്ച് യുഎഇ; ‘മേഖലയിൽ സമാധാനം ഉറപ്പാക്കണം; ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസപ്പെടുത്തരുത്’

ടെഹ്റാൻ: മേഖലയിലെ നിലവിലെ സാഹചര്യങ്ങളും സുപ്രധാന നയതന്ത്ര നീക്കങ്ങളും ചർച്ച ചെയ്യുന്നതിനായി യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ ഫോൺ സംഭാഷണം നടത്തി. യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘വാം’ ആണ് ഈ സുപ്രധാന വിവരങ്ങൾ പുറത്തുവിട്ടത്. യുഎസും ഇറാനും തമ്മിൽ നിലവിലുള്ള ധാരണാപത്രത്തിലെ വ്യവസ്ഥകൾ പൂർണ്ണമായും പാലിക്കേണ്ടതിന്റെ ആവശ്യകത ഫോൺ സംഭാഷണത്തിനിടയിൽ യുഎഇ വിദേശകാര്യ മന്ത്രി ഊന്നിപ്പറഞ്ഞു.

മേഖലയിലെ ശത്രുതാപരമായ നീക്കങ്ങളും സംഘർഷങ്ങളും പൂർണ്ണമായി അവസാനിപ്പിക്കാൻ ഇരുപക്ഷവും തയ്യാറാകണം. വിവിധ രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുക, അയൽരാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തുക, അന്താരാഷ്ട്ര നിയമങ്ങൾ കർശനമായി പാലിക്കുക എന്നിവ സമാധാനത്തിന് അത്യന്താപേക്ഷിതമാണ്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും, പ്രത്യേകിച്ച് ഹൊർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം യാതൊരുവിധ തടസ്സങ്ങളുമില്ലാതെ സുഗമമായി മുന്നോട്ട് പോകാൻ ഇരുരാജ്യങ്ങളും ജാഗ്രത പുലർത്തണമെന്നും ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് ആവശ്യപ്പെട്ടു.

നിലവിൽ അമേരിക്കയും ഇറാനും തമ്മിൽ നടക്കുന്ന നയതന്ത്ര ചർച്ചകൾ നല്ല രീതിയിൽ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ചർച്ചകൾ മേഖലയിൽ സുസ്ഥിരമായ സുരക്ഷയും സമാധാനവും കൈവരിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ലോകത്തും മിഡിൽ ഈസ്റ്റിലുമുള്ള ഏതൊരു വലിയ പ്രതിസന്ധിക്കും പരിഹാരം കാണാനുള്ള ഏറ്റവും നല്ല മാർഗ്ഗം ഗൗരവമേറിയ നയതന്ത്ര ഇടപെടലുകളും ഉത്തരവാദിത്തമുള്ള ചർച്ചകളും മാത്രമാണെന്നും യുഎഇ വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.

Also Read

More Stories from this section

family-dental
witywide