സിയാറ്റിൽ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കുചേർന്ന് യുഎസിലെ പസഫിക് നോർത്ത്‌വെസ്റ്റ് മേഖലയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ. സിയാറ്റിലിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സംഘടിപ്പിച്ച ആഘോഷങ്ങൾക്ക് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരും യുഎസ് സെനറ്റർമാരും ജനപ്രതിനിധികളും പ്രാദേശിക ഭരണാധികാരികളും ഇന്ത്യയ്ക്ക് ആശംസകൾ നേർന്നു. മൊണ്ടാന ഗവർണർ ഗ്രെഗ് ജിയാൻഫോർട്ടെ, അലാസ്ക ഗവർണർ മൈക്ക് ഡൺലീവി, സൗത്ത് ഡക്കോട്ട ഗവർണർ ലാറി റോഡൻ, വാഷിങ്ടൺ ഗവർണർ എന്നിവരാണ് ഓഗസ്റ്റ് 15ലെ പതാക ഉയർത്തൽ ചടങ്ങിന് മുന്നോടിയായി ആശംസകൾ അറിയിച്ചത്.
യുഎസ് സെനറ്റർ മരിയ കാന്റ്‌വെല്ലിനൊപ്പം ജനപ്രതിനിധിസഭാംഗങ്ങളായ ആദം സ്മിത്ത്, കിം ഷിയർ, സൂസൻ ഡെൽബെൻ, ഡസ്റ്റി ജോൺസൺ, മെർലിൻ സ്ട്രിക്ലാൻഡ്, മൈക്കൽ ബോംഗാർട്ട്നർ എന്നിവരും ഇന്ത്യയ്ക്കും ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിനും ആശംസകൾ നേർന്നു. വാഷിങ്ടണും നെബ്രാസ്കയും ഓഗസ്റ്റ് 15, ‘ഇന്ത്യാ ദിനമായി’ പ്രഖ്യാപിച്ചിരുന്നു. സിയാറ്റിൽ, ബെൽവ്യൂ, കെന്റ്, സീടാക് നഗരങ്ങളിലെ മേയർമാരും കിംഗ് കൗണ്ടി കൗൺസിലും ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ സാംസ്കാരിക, സാമ്പത്തിക, സാമൂഹിക സംഭാവനകളെ അംഗീകരിച്ച് പ്രത്യേക പ്രഖ്യാപനങ്ങൾ നടത്തി.
ഇന്ത്യൻ, ഇന്ത്യൻ-അമേരിക്കൻ സമൂഹം മൊണ്ടാനയുടെ സാംസ്കാരിക, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളെ സമ്പന്നമാക്കിയതായി ഗവർണർ ഗ്രെഗ് ജിയാൻഫോർട്ടെ പറഞ്ഞു. അലാസ്കയുടെ സമ്പദ്‌വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യരംഗം, ബിസിനസ്, സാമൂഹിക മേഖലകൾ എന്നിവയിൽ ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകൾ സംസ്ഥാനത്തെ കൂടുതൽ ശക്തമാക്കിയതായി ഗവർണർ മൈക്ക് ഡൺലീവിയും വ്യക്തമാക്കി. ഇന്ത്യയുടെയും ഇന്ത്യൻ ജനതയുടെയും നേട്ടങ്ങൾ ലോകമെമ്പാടുമുള്ള സമൂഹങ്ങൾക്ക് പ്രചോദനമായി തുടരുന്നു എന്ന് സെനറ്റർ മരിയ കാന്റ്‌വെൽ പറഞ്ഞു.
ഇന്ത്യ-അമേരിക്ക ബന്ധം ഇപ്പോൾ വളരെ പ്രധാനപ്പെട്ടതാണെന്ന് ആദം സ്മിത്ത് പറഞ്ഞു. സമാധാനപരവും സമൃദ്ധവും സുസ്ഥിരവുമായ ലോകം കെട്ടിപ്പടുക്കുന്നതിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാഷിങ്ടണിന്റെ വിദ്യാഭ്യാസ, സാംസ്കാരിക, സാമ്പത്തിക മേഖലകളിൽ ഇന്ത്യൻ-അമേരിക്കൻ സമൂഹം വഹിക്കുന്ന പ്രധാന പങ്ക് കിം ഷിയർ എടുത്തുപറഞ്ഞു. പസഫിക് നോർത്ത്‌വെസ്റ്റ് മേഖലയിലുൾപ്പെടെ ഇന്ത്യ-അമേരിക്ക പങ്കാളിത്തം ശക്തമായി തുടരുകയാണെന്ന് സൂസൻ ഡെൽബെൻ പറഞ്ഞു.
അമേരിക്കയിലെ അഞ്ച് ദശലക്ഷത്തിലധികം വരുന്ന ഇന്ത്യൻ-അമേരിക്കക്കാരുടെ സംഭാവനകളെ ഡസ്റ്റി ജോൺസൺ പ്രശംസിച്ചു. ഇന്ത്യ-അമേരിക്ക ബന്ധം ഇരുരാജ്യങ്ങൾക്കും ശക്തിയുടെ ഉറവിടമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഇന്ത്യ സന്ദർശിച്ചതിന്റെ അനുഭവം പങ്കുവെച്ച മൈക്കൽ ബോംഗാർട്ട്നർ, ആഗോള സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ശക്തമായ ബന്ധത്തിന് പ്രധാന പങ്കുണ്ടെന്ന് പറഞ്ഞു.
ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഗ്രാമി പുരസ്കാര ജേതാവായ വയലിനിസ്റ്റ് ഗണേഷ് രാജഗോപാലനും സ്വര യോഗ എൻസംബിളിലെ വിദ്യാർഥികളും ചേർന്ന് അവതരിപ്പിച്ച “വന്ദേ മാതരം” പ്രത്യേക സംഗീതാവിഷ്കാരവും പുറത്തിറക്കി.കഴിഞ്ഞ വർഷവും സിയാറ്റിൽ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചിരുന്നു. അന്ന് നഗരത്തിലെ പ്രശസ്തമായ സ്പേസ് നീഡിൽ ഇന്ത്യൻ ത്രിവർണ പതാകയുടെ നിറങ്ങളിൽ പ്രകാശിപ്പിച്ചിരുന്നു.
US Pacific Northwest leaders join India’s 80th Independence Day celebrations in Seattle












