
ലണ്ടൻ: അമേരിക്കയുമായുള്ള ബ്രിട്ടന്റെ ചരിത്രപരമായ ബന്ധത്തിൽ വിള്ളൽ വീണെന്ന ആരോപണങ്ങൾ തള്ളി പ്രധാനമന്ത്രി കീർ സ്റ്റാർമർ. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ബ്രിട്ടൻ സ്വീകരിക്കുന്ന നിലപാടുകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ‘പ്രത്യേക ബന്ധത്തിന്റെ’ തെളിവാണെന്ന് അദ്ദേഹം പാർലമെന്റിൽ വ്യക്തമാക്കി. ഇറാൻ വിഷയത്തിൽ സ്റ്റാർമറുടെ നിലപാടുകളെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വിശദീകരണം. അമേരിക്ക-ഇസ്രായേൽ സഖ്യം ഇറാനിൽ നടത്തിയ ആക്രമണങ്ങളോടുള്ള ബ്രിട്ടന്റെ പ്രതികരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ എങ്ങനെ ബാധിച്ചുവെന്ന പ്രതിപക്ഷ എംപി ഗാരെത് ബേക്കണിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷ് സൈനിക താവളങ്ങളിൽ നിന്ന് അമേരിക്കൻ വിമാനങ്ങൾ നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നും മിഡിൽ ഈസ്റ്റിലെ സംയുക്ത താവളങ്ങളിൽ അമേരിക്കൻ സൈനികരുടെ ജീവൻ സംരക്ഷിക്കാൻ ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾ ഡ്രോണുകളും മിസൈലുകളും വെടിവെച്ചിടുന്നുണ്ടെന്നും സ്റ്റാർമർ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ സുരക്ഷയ്ക്കായി ഇരുരാജ്യങ്ങളും ദിനംപ്രതി രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കുന്നുണ്ടെന്നും ഇതാണ് യഥാർത്ഥത്തിലുള്ള പ്രത്യേക ബന്ധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, ഇറാനെതിരായ ആദ്യഘട്ട ആക്രമണങ്ങൾക്ക് ബ്രിട്ടീഷ് മണ്ണിലെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ സ്റ്റാർമർ അനുമതി നിഷേധിച്ചിരുന്നു. ഇതിൽ പ്രകോപിതനായ ട്രംപ്, സ്റ്റാർമർ ഒരു ‘വിൻസ്റ്റൺ ചർച്ചിൽ’ അല്ലെന്ന് പരിഹസിക്കുകയും ബ്രിട്ടൻ മുൻപത്തെപ്പോലെ സഹകരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായി, ട്രംപിന്റെ വാക്കുകളിൽ തൂങ്ങിക്കിടക്കുന്നതല്ല ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധമെന്ന് സ്റ്റാർമർ പാർലമെന്റിൽ പറഞ്ഞു. നിയമപരമായ അടിത്തറയില്ലാതെ മറ്റൊരു രാജ്യത്തെ ഭരണകൂടത്തെ മാറ്റാനുള്ള യുദ്ധത്തിൽ പങ്കാളിയാകാൻ ബ്രിട്ടൻ തയ്യാറല്ലെന്നും എന്നാൽ പ്രതിരോധപരമായ കാര്യങ്ങളിൽ സഖ്യകക്ഷികൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.











