അനാവശ്യ ചികിത്സയും ഇൻഷുറൻസ് തട്ടിപ്പും: ഇന്ത്യൻ വംശജനായ ഡോക്ടർ അമേരിക്കയിൽ 117 കോടി രൂപ പിഴയടയ്ക്കണം

വാഷിംഗ്ടൺ: അമേരിക്കയിൽ രോഗികളിൽ അനാവശ്യ പരിശോധനകളും ചികിത്സകളും നടത്തി പണം തട്ടിയെന്ന പരാതിയിൽ ഇന്ത്യൻ വംശജനായ പ്രമുഖ ഡോക്ടർ 14 ദശലക്ഷം ഡോളർ (ഏകദേശം 117 കോടി രൂപ) പിഴയടയ്ക്കണം. ജോർജിയയിലെ ‘അഡ്വാൻസ്ഡ് യൂറോളജി’ എന്ന സ്ഥാപനത്തിൻ്റെ ഉടമയായ ഡോ. ജിതേഷ് പട്ടേലാണ് വൻ തുക പിഴയൊടുക്കി കേസ് ഒത്തുതീർപ്പാക്കാൻ സമ്മതിച്ചത്.
സർക്കാർ ആരോഗ്യ പദ്ധതികളെ കബളിപ്പിച്ച് അനാവശ്യ പരിശോധനകൾക്ക് ബില്ല് ഈടാക്കിയെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള പ്രധാന ആരോപണം.

ഡോ. ജിതേഷിൻ്റെ സ്ഥാപനത്തിലെ തന്നെ മുൻ ജീവനക്കാർ നൽകിയ ‘വിസിൽബ്ലോവർ’ പരാതികളാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ലാഭം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രോഗികൾക്ക് ആവശ്യമില്ലാത്ത പരിശോധനകൾ ഡോക്ടർ അടിച്ചേൽപ്പിക്കുകയായിരുന്നുവെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു.

രോഗികൾക്ക് ആവശ്യമില്ലാത്ത മെഡിക്കൽ ഉപകരണങ്ങൾ ശരീരത്തിൽ ഘടിപ്പിക്കുക, അനസ്തേഷ്യ നൽകി അനാവശ്യമായ സർജിക്കൽ പരിശോധനകൾ നടത്തുക, യൂറോളജിയിൽ അപൂർവ്വമായി മാത്രം ചെയ്യുന്ന അൾട്രാസൗണ്ട് ടെസ്റ്റുകൾ എല്ലാ പുതിയ രോഗികൾക്കും നിർബന്ധമാക്കുക, ഒരിക്കലും നടത്താത്ത ചികിത്സകൾക്ക് വ്യാജ ബില്ലുകൾ നൽകി പണം ഈടാക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഇദ്ദേഹത്തിനെതിരെ ഉയർന്നത്.

അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ (FBI), യുഎസ് അറ്റോർണി ഓഫീസ്, ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് എന്നിവർ സംയുക്തമായാണ് കേസ് അന്വേഷിച്ചത്.

രോഗികളെ ചൂഷണം ചെയ്യുന്നതും സർക്കാർ ഫണ്ടുകൾ ദുരുപയോഗം ചെയ്യുന്നതും വച്ചുപൊറുപ്പിക്കില്ലെന്ന് യുഎസ് അറ്റോർണി തിയോഡോർ എസ്. ഹെർട്‌സ്ബർഗ് പ്രതികരിച്ചു. തട്ടിപ്പ് പുറത്തുകൊണ്ടുവന്ന മുൻ ജീവനക്കാർക്ക് പിഴത്തുകയുടെ ഒരു വിഹിതം പ്രതിഫലമായി ലഭിക്കും.

Unnecessary treatment and insurance fraud: Indian-origin doctor fined Rs 117 crore in US

More Stories from this section

family-dental
witywide