
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ മേഖലയിൽ സൈനിക സംഘർഷങ്ങൾ അതിരൂക്ഷമായി തുടരുന്നതിനിടെ, അമേരിക്കൻ പൗരന്മാർക്ക് കടുത്ത മുന്നറിയിപ്പുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. സാഹചര്യം വഷളാകുന്നപക്ഷം പ്രദേശം വിട്ടുപോകാൻ തയ്യാറെടുക്കണമെന്നോ അല്ലെങ്കിൽ എത്രയും വേഗം പ്രദേശം വിടാൻ ആലോചിക്കണമെന്നോ യുഎസ് അധികൃതർ പൗരന്മാരോട് ആവശ്യപ്പെട്ടു.
ഈ വാരാന്ത്യത്തിൽ തന്നെ ഇറാനെതിരെ അമേരിക്ക പുതിയ വ്യോമാക്രമണങ്ങൾ നടത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർണ്ണായക നിർദ്ദേശം നൽകിയിരിക്കുന്നത്. അമേരിക്കൻ സൈനിക താവളങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലയിലെ മറ്റ് രാജ്യങ്ങൾക്ക് നേരെയും തിരിച്ചടി നൽകുമെന്ന് ടെഹ്റാൻ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
വരും ദിവസങ്ങളിൽ വിമാന സർവീസുകൾ റദ്ദാക്കാനും വ്യോമാതിർത്തി താൽക്കാലികമായി അടച്ചിടാനും ഗതാഗത തടസ്സങ്ങൾ ഉണ്ടാകാനും സാധ്യതയുള്ളതിനാൽ പ്രവിശ്യയിലുള്ള എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിടുന്നവർ തങ്ങളുടെ യാത്രാപരിപാടികൾ ഗൗരവമായി പുനഃപരിശോധിക്കണമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.















