
വാഷിംഗ്ടൺ: അമേരിക്കയിൽ ജനജീവിതം ദുസ്സഹമാക്കി വിലക്കയറ്റം വൻതോതിൽ കുതിച്ചുയരുന്നു. യു.എസ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മേയ് മാസത്തിലെ പണപ്പെരുപ്പം 4.2 ശതമാനമായി രേഖപ്പെടുത്തി. മൂന്ന് വർഷത്തിനിടെ ആദ്യമായാണ് യു.എസിൽ പണപ്പെരുപ്പ നിരക്ക് 4 ശതമാനം കടക്കുന്നത്. തുടർച്ചയായ മൂന്നാം മാസമാണ് രാജ്യം കടുത്ത വിലക്കയറ്റത്തിലേക്ക് നീങ്ങുന്നത്. മുൻ മാസത്തെ അപേക്ഷിച്ച് മേയിൽ വിലനിലവാരത്തിൽ 0.5% വർദ്ധനവുണ്ടായി.
അതേസമയം, പണപ്പെരുപ്പ നിരക്കുകൾ പുറത്തുവന്നതിന് പിന്നാലെ വിചിത്രമായ പ്രതികരണവുമായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. താൻ ഈ പണപ്പെരുപ്പത്തെ ഇഷ്ടപ്പെടുന്നുവെന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കവെ, സർക്കാർ റിപ്പോർട്ടിലെ ആശങ്കകളെ തള്ളിക്കളഞ്ഞ ട്രംപ്, “ഇല്ല, ഞാൻ ഇത് ഇഷ്ടപ്പെടുന്നു. കണക്കുകൾ മികച്ചതാണ്” എന്ന് അവകാശപ്പെട്ടു. നിലവിലെ ഇറാൻ യുദ്ധം അവസാനിക്കുന്നതോടെ ഊർജ്ജവിലയും പണപ്പെരുപ്പവും അതിവേഗം താഴേക്ക് വരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഭരണകൂടത്തിൻ്റെ നയങ്ങൾ കാരണം മരുന്നുകൾ, കാറുകൾ, പാലുൽപ്പന്നങ്ങൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ എന്നിവയുടെ വില കുറഞ്ഞതായും വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി അവകാശപ്പെട്ടു.
മിഡിൽ ഈസ്റ്റ് സംഘർഷത്തെത്തുടർന്ന് ആഗോള എണ്ണ വിതരണത്തിൻ്റെ അഞ്ചിലൊന്ന് കൈമാറ്റം ചെയ്യപ്പെടുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. മേയ് മാസത്തിൽ മാത്രം രാജ്യത്തെ ഊർജ്ജവിലയിൽ 23.5% വർദ്ധനവാണുണ്ടായത്. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതിന് ശേഷം ഇന്ധന വിലയിൽ ഗാലന് 1.17 ഡോളറിൻ്റെ (ഏകദേശം 40%) വർദ്ധനവാണ് രേഖപ്പെടുത്തിയത്. നിലവിൽ ഒരു ഗാലന് 4.15 ഡോളറാണ് വില.
ഭക്ഷ്യവസ്തുക്കളുടെ വിലയും കുതിക്കുന്നു
ഇന്ധനക്ഷാമവും ഡീസൽ വില വർദ്ധനവും രാജ്യത്തെ ഭക്ഷ്യ വിതരണ ശൃംഖലയെ ബാധിച്ചതോടെ പലചരക്ക് സാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. വിപണിയിൽ തക്കാളി വിലയിൽ 32 ശതമാനത്തിൻ്റെ വൻ വർദ്ധനവാണ് ഉണ്ടായത്. കടൽ വിഭവങ്ങൾക്ക് 6.5 ശതമാനവും, ഇറച്ചി ഉൽപ്പന്നങ്ങൾക്ക് 13 ശതമാനത്തോളവും വില വർദ്ധിച്ചു.
വിലക്കയറ്റം ഇതേ രീതിയിൽ തുടർന്നാൽ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി പലിശനിരക്ക് ഉയർത്താൻ യു.എസ് ഫെഡറൽ റിസർവിന് മേൽ കടുത്ത സമ്മർദ്ദമുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
US inflation soars to three-year high: Trump says he likes inflation















