യുഎസ് – ഇറാൻ യുദ്ധം; വിമർശനം ഉന്നയിച്ച ജർമനിയിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് അമേരിക്ക

യുഎസ് – ഇറാൻ യുദ്ധത്തിൽ വിമർശനം ഉന്നയിച്ച ജർമനിയിൽ നിന്ന് 5000 പേരടങ്ങുന്ന സൈന്യത്തെ അമേരിക്ക പിൻവലിക്കുന്നു. അടുത്ത വർഷത്തോടെയാകും ഇതെന്ന് പെൻ്റഗൺ വൃത്തങ്ങൾ പറയുന്നു. ഈ പിൻവാങ്ങലിന് ശേഷം 30,000 സൈനികർ ജർമ്മനിയിൽ തുടരും. പെൻ്റഗൺ വക്താവ് സിയാൻ പെർനൽ പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നത് സൈന്യത്തെ പിൻവലിക്കാൻ സെക്രട്ടറി ഓഫ് വാറിൻ്റെ ഉത്തരവ് വന്ന് കഴിഞ്ഞെന്നാണ്.

യൂറോപിലെ സ്ഥിതിഗതികൾ കണിശമായി വിലയിരുത്തിയ ശേഷമാണ് തീരുമാനമെടുത്തിരിക്കുന്നത്. അടുത്ത ആറുമുതൽ പന്ത്രണ്ട് മാസത്തിനിടെ പിൻവലിക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും പ്രസ്താവന സൂചിപ്പിക്കുന്നു.

അതേസമയം, ജർമ്മൻ പ്രതിരോധ മന്ത്രി ഈ നീക്കത്തെ ” പ്രതീക്ഷിച്ചത് ” എന്നാണ് വിശേഷിപ്പിച്ചത്. യൂറോപ് സ്വന്തം സുരക്ഷയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കേണ്ടത് ആവശ്യമാണെന്നും പ്രതികരിച്ചു. ഇക്കാര്യത്തിൽ ജർമ്മനി ശരിയായ ദിശയിൽ ആണെന്നും മന്ത്രി ബോറിസ് പ്രിസ്‌റ്റോറിയസ് വ്യക്തമാക്കി. ഇറാൻ യുദ്ധത്തെ തുടർന്ന് യൂറോപ്യൻ യുഎസ് ബന്ധത്തിൽ കല്ലുകടി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. യു എസിൻ്റെ ഇറാൻ ആക്രമണം പല നാറ്റോരാജ്യങ്ങളെയും അറിയിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ ആവശ്യ സമയത്ത് നാറ്റോ രാജ്യങ്ങളിൽ നിന്ന് വേണ്ടത്ര സഹായം ലഭിക്കുന്നില്ലെന്ന് ട്രംപും ആരോപിച്ചു.

മറ്റ് യൂറോപ്യൻ രാജ്യങ്ങളെപോലെ ജർമ്മനിയും പരിമിതമായ സൈനിക പിന്തുണയാണ് യുഎസിന് നൽകുന്നത്. സൈനിക അടിസ്ഥാന സൗകര്യങ്ങൾ പ്രത്യേക ഓപറേഷൻകൾക്ക് യു എസിന് ഉപയോഗിക്കാനുള്ള അനുമതിയാണ് ഉള്ളത്. ഏതെങ്കിലും രാജ്യത്തേക്കുള്ള നേരിട്ടുള്ള ആക്രമണത്തിന് തന്ത്ര പ്രധാനമായ കേന്ദ്രമായി ഉപയോഗിക്കാൻ പാടില്ല.

US-Iran war; US withdraws troops from Germany after criticism