ഇറാനിലെ നൂറ്റാണ്ട് പഴക്കമുള്ള ആരോഗ്യ ഗവേഷണ കേന്ദ്രത്തിന് നേരെ ആക്രമണം; അന്താരാഷ്ട്ര ആരോഗ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ഇറാൻ

ടെഹ്‌റാൻ: ഇറാൻ-അമേരിക്ക യുദ്ധം പുതിയ തലങ്ങളിലേക്ക് കടക്കുന്നതിനിടെ, ഇറാന്റെ അഭിമാനമായ ‘പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിന്’ നേരെ അമേരിക്ക-ഇസ്രായേൽ സഖ്യത്തിന്റെ വ്യോമാക്രമണം. വ്യാഴാഴ്ച നടന്ന ഈ ആക്രമണം അന്താരാഷ്ട്ര ആരോഗ്യ സുരക്ഷയ്ക്ക് നേരെയുള്ള നേരിട്ടുള്ള വെല്ലുവിളിയാണെന്ന് ഇറാൻ ആരോഗ്യ മന്ത്രാലയത്തിലെ ഇൻഫർമേഷൻ സെന്റർ മേധാവി ഹൊസൈൻ കെർമൻപൂർ എക്സിൽ കുറിച്ചു. മേഖലയിലെ ആരോഗ്യ ഗവേഷണ രംഗത്തെ നെടുംതൂണുകളിൽ ഒന്നായാണ് ഈ ഇൻസ്റ്റിറ്റ്യൂട്ട് അറിയപ്പെടുന്നത്.

1920-ൽ സ്ഥാപിതമായ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് ഇറാാനിലെ ഏറ്റവും പഴയ പൊതുജനാരോഗ്യ കേന്ദ്രമാണ്. വാക്സിനുകളുടെ വികസനത്തിലും പകർച്ചവ്യാധി പ്രതിരോധ ഗവേഷണങ്ങളിലും ലോകപ്രശസ്തമായ ഈ സ്ഥാപനത്തിന് നേരെയുള്ള ആക്രമണം ആഗോള മെഡിക്കൽ സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ ഈ സംഭവത്തിൽ അമേരിക്കൻ സെൻട്രൽ കമാൻഡോ ഇസ്രായേൽ സൈന്യമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഫെബ്രുവരി 28 മുതൽ തുടരുന്ന യുദ്ധത്തിൽ ഇറാനിലെ 316-ഓളം ആരോഗ്യ-അടിയന്തര സേവന കേന്ദ്രങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായി ഇറാൻ റെഡ് ക്രസന്റ് റിപ്പോർട്ട് ചെയ്യുന്നു. ശരാശരി ആറ് മണിക്കൂറിൽ ഒരിക്കൽ എന്ന തോതിൽ ഇറാൻ, ലബനൻ, ഇസ്രായേൽ എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങൾ ആക്രമിക്കപ്പെടുന്നുണ്ടെന്ന് സന്നദ്ധ സംഘടനയായ ‘സേവ് ദ ചിൽഡ്രൻ’ മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ അനുസരിച്ച് ആരോഗ്യപ്രവർത്തകരും രോഗികളും ആശുപത്രികളും സംരക്ഷിക്കപ്പെടണമെന്ന് ലോകാരോഗ്യ സംഘടന ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും മേഖലയിൽ ആശുപത്രികൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുകയാണ്.

More Stories from this section

family-dental
witywide