നെതന്യാഹുവിന്‍റെ വാറണ്ടിന്‍റെ പേരിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ ഒന്നാകെ ഉപരോധിക്കാൻ അമേരിക്ക? ട്രംപ് ഭരണകൂടം ഉടൻ ഉത്തരവിറക്കുമെന്ന് റിപ്പോർട്ട്

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി.) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ, കോടതിയെ ഒന്നാകെ ഉപരോധിക്കാൻ അമേരിക്ക തയാറെടുക്കുന്നതായി റിപ്പോർട്ട്. വ്യക്തിഗതമായി ജഡ്ജിമാർക്കും പ്രോസിക്യൂട്ടർമാർക്കുമെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം സംഘടനയെത്തന്നെ നേരിട്ട് ലക്ഷ്യമിടാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഇത് നടപ്പിലാകുന്നതോടെ ഐ.സി.സി.യുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിക്കാണ് അമേരിക്ക വഴിവെക്കുന്നത്. ഉപരോധം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ആറ് മുതൽ ഏഴ് മാസം വരെയുള്ള ഗ്രേസ് പിരീഡിന് ശേഷം ഐ.സി.സിയുമായുള്ള ഭൂരിഭാഗം ഇടപാടുകളും അമേരിക്ക വിലക്കുമെന്നാണ് ‘ദി വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്യുന്നത്. ഉപരോധം പ്രാബല്യത്തിൽ വന്നാൽ യു.എസ്. ട്രഷറിയുടെ പ്രത്യേക ലൈസൻസില്ലാതെ അമേരിക്കൻ പൗരന്മാർക്കോ കമ്പനികൾക്കോ കോടതിക്ക് പണം, സാധനങ്ങൾ, അല്ലെങ്കിൽ സേവനങ്ങൾ എന്നിവ നൽകാൻ സാധിക്കില്ല. അന്താരാഷ്ട്ര ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങൾ അമേരിക്കൻ ഉപരോധ ഭീഷണിയെ തുടർന്ന് പിന്നോട്ട് പോകുന്നതോടെ ഐ.സി.സി.യുടെ പണമിടപാടുകളും പൂർണ്ണമായും നിശ്ചലമായേക്കാം.

അന്താരാഷ്ട്ര കോടതിയെ മൊത്തത്തിൽ ലക്ഷ്യമിടുന്ന ഉപരോധം നടപ്പിലായാൽ ഐ.ടി. സേവനങ്ങൾ, ഇൻഷുറൻസ് എന്നിവ വാങ്ങുന്നതിനും, പുതിയ അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും, അമേരിക്കക്കാരായ ജീവനക്കാരുടെ ശമ്പളമടക്കമുള്ള ദൈനംദിന പേയ്മെന്റുകൾ നടത്തുന്നതിനും വൻ തടസ്സം നേരിടുമെന്ന് ഐ.സി.സി. പ്രസിഡന്റും രജിസ്ട്രാറും മുന്നറിയിപ്പ് നൽകി. വംശഹത്യ, യുദ്ധക്കുറ്റങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവ വിചാരണ ചെയ്യുന്നതിനായി 2002-ൽ സ്ഥാപിതമായ ഐ.സി.സി.യുടെ പ്രവർത്തനങ്ങളെ ഇത് സാരമായി ബാധിക്കും.

നേരത്തെ, 2025 ഫെബ്രുവരിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവിന്റെ അടിസ്ഥാനത്തിൽ കോടതിയിലെ ഒരു ഡസനിലധികം ജഡ്ജിമാർക്കും പ്രോസിക്യൂട്ടർമാർക്കും എതിരെയെയും ഐ.സി.സി. പ്രസിഡന്റിനെതിരെയും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കോടതിയുടെ ദൈനംദിന പ്രവർത്തനങ്ങളെത്തന്നെ പൂർണ്ണമായി സ്തംഭിപ്പിക്കുന്ന രീതിയിലേക്ക് ഉപരോധ നടപടികൾ കടുപ്പിക്കാൻ ട്രംപ് ഭരണകൂടം നീക്കം ആരംഭിച്ചിരിക്കുന്നത്.

US Prepares to Sanction International Criminal Court Over Warrant Against Netanyahu

More Stories from this section

family-dental
witywide