
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൻ്റെ ഫലമായി അമേരിക്കയിൽ ഇന്ധനവില വർധിക്കുന്നതിൽ തനിക്ക് ആശങ്കയില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. “വില കൂടുകയാണെങ്കിൽ കൂടട്ടെ,” എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. “എനിക്ക് ഇതിൽ യാതൊരു ആശങ്കയുമില്ല. യുദ്ധം അവസാനിക്കുമ്പോൾ വില വളരെ വേഗത്തിൽ താഴേക്ക് വരും. ഇപ്പോൾ വില അല്പം വർധിച്ചാലും, അതിനേക്കാൾ പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്,” അദ്ദേഹം പറഞ്ഞു.
ഇറാനുമായുള്ള സംഘർഷത്തെത്തുടർന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ധനവിലയിൽ ഗാലന് 20 സെൻ്റ് (7 ശതമാനം) വർധനവുണ്ടായിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനായി ലൂസിയാനയിലെയും ടെക്സാസിലെയും ഭൂഗർഭ ഉപ്പുഗുഹകളിൽ സൂക്ഷിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരമായ ‘സ്ട്രാറ്റജിക് പെട്രോളിയം റിസർവ്’ ഇപ്പോൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് അറിയിച്ചു. ലോകത്തിലെ എണ്ണ വിതരണത്തിൻ്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് തുറന്നുതന്നെ കിടക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ്റെ നാവികസേന “കടലിൻ്റെ അടിത്തട്ടിലാണെന്നും” അദ്ദേഹം പരിഹസിച്ചു.
തൻ്റെ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിൽ ഇന്ധനവില കുറഞ്ഞതിനെക്കുറിച്ച് ട്രംപ് വാചാലനായി ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ പ്രസ്താവനയുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
US President unfazed by fuel price hike amid Iran war















