യുഎൻ മനുഷ്യാവകാശ അവലോകനത്തിൽനിന്ന് വിട്ടുനിൽക്കാൻ അമേരിക്ക; വിമർശനം ശക്തം

ജനീവ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകാലത്തെ അമേരിക്കയുടെ മനുഷ്യാവകാശ നിലപാടുകൾ പരിശോധിക്കാനിരുന്ന യുഎൻ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ അമേരിക്ക. തുടർച്ചയായ രണ്ടാം വർഷമാണ് സ്വന്തം മനുഷ്യാവകാശ രേഖയുടെ അവലോകനത്തിൽനിന്ന് യുഎസ് പിന്മാറുന്നത്. രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങൾ പതിറ്റാണ്ടുകൾക്കിടയിലെ ഉയർന്ന നിലയിലെത്തിയെന്ന ആരോപണങ്ങൾക്കിടെയാണ് നടപടി.

ഇസ്രയേൽ വിരുദ്ധ നിലപാടാണ് യുഎൻ മനുഷ്യാവകാശ കൗൺസിലിനുള്ളതെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം അമേരിക്ക കൗൺസിലിൽനിന്ന് പിന്മാറിയിരുന്നു. അമേരിക്കയുടെ അസാന്നിധ്യത്തെ തുടർന്ന് ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന യോഗം ജനുവരിയിലേക്ക് മാറ്റിവെക്കാനാണ് സാധ്യത. അവലോകനത്തിൽ പങ്കെടുക്കുന്നത് കൗൺസിലിന്റെ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകുന്നതിന് തുല്യമാകുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് പറഞ്ഞു. കൗൺസിൽ മനുഷ്യാവകാശ സംരക്ഷണത്തിൽ പരാജയപ്പെട്ടെന്നും അമേരിക്ക വിരുദ്ധ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കുടിയേറ്റക്കാരെ നാടുകടത്തുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ കൗൺസിൽ നിയോഗിച്ച വിദഗ്ധർ അമേരിക്കയെ വിമർശിച്ചിട്ടുണ്ട്. എന്നാൽ യുഎസ് നിയമങ്ങൾ അനുസരിച്ചാണ് നാടുകടത്തൽ നടപടികളെന്ന് വാഷിങ്ടൺ വിശദീകരിക്കുന്നു. യുഎന്നിലെ 193 അംഗരാജ്യങ്ങളും ഏതാനും വർഷത്തിലൊരിക്കൽ മനുഷ്യാവകാശ റിപ്പോർട്ട് സമർപ്പിക്കുകയും മറ്റ് രാജ്യങ്ങൾ അവ പരിശോധിച്ച് ശുപാർശകൾ നൽകുകയും ചെയ്യുന്നതാണ് സാർവത്രിക ആനുകാലിക അവലോകനം (യുപിആർ). ഗർഭച്ഛിദ്രം, വധശിക്ഷ തുടങ്ങിയ വിഷയങ്ങൾ ചൊവ്വാഴ്ചത്തെ യോഗത്തിൽ ഉന്നയിക്കാനിരിക്കുകയായിരുന്നു. കുടിയേറ്റം, വംശീയ വിവേചനം തുടങ്ങിയ വിഷയങ്ങളിൽ സന്നദ്ധ സംഘടനകൾ യുഎന്നിന് 200ഓളം റിപ്പോർട്ടുകളും നൽകിയിട്ടുണ്ട്.

അമേരിക്കയിൽ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെയും പൗരസ്വാതന്ത്ര്യത്തിന്റെയും ലംഘനങ്ങൾ തലമുറകൾക്കിടയിലെ ഏറ്റവും ഉയർന്ന നിലയിലാണെന്ന് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനിലെ ജമീൽ ദക്വാർ പറഞ്ഞു. അതേസമയം, അമേരിക്കയുടെ മനുഷ്യാവകാശ സ്ഥിതിയിൽ യുഎൻ അടിയന്തര വിശദീകരണ യോഗം നടത്തണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം കുടിയേറ്റ തടങ്കലിൽ കഴിഞ്ഞിരുന്ന പലസ്തീൻ അനുകൂല വിദ്യാർഥി പ്രവർത്തകൻ മഹ്മൂദ് ഖലീലിന്റെ ഭാര്യ നൂർ അബ്ദല്ലയും ഈ ആവശ്യവുമായി രംഗത്തുണ്ട്.

ലോകത്തെ ഏറ്റവും ശക്തമായ സർക്കാർ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിവാകുമ്പോൾ എന്തും ചെയ്യാമെന്ന ധാരണയുണ്ടാകുമെന്ന് നൂർ അബ്ദല്ല പറഞ്ഞു. എന്നാൽ അമേരിക്കയെ നേരിട്ട് വിമർശിക്കാൻ പല രാജ്യങ്ങളും തയ്യാറാകില്ലെന്നാണ് നയതന്ത്ര ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. അമേരിക്ക രണ്ടു വർഷത്തിനകം അവലോകനത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ചില രാജ്യങ്ങൾ.

US to skip UN human rights review, drawing censure

More Stories from this section

family-dental
witywide