അമേരിക്കയുടെ വാക്കുമാറ്റവും അമിതവാശിയും ചർച്ചകളെ തകർത്തു: ഇറാൻ വിദേശകാര്യമന്ത്രി, “നന്മയ്ക്ക് പകരം നന്മയും, ശത്രുതയ്ക്ക് പകരം ശത്രുതയും”

ടെഹ്റാൻ: അമേരിക്കയുമായി പാക്കിസ്ഥാനിലെ ഇസ്‌ലാമാബാദിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനെക്കുറിച്ച് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി തൻ്റെ ആദ്യ പ്രതികരണം അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞ 47 വർഷത്തിനിടയിൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ഏറ്റവും തീവ്രമായ ചർച്ചയായിരുന്നു ഇതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. നിലനിൽക്കുന്ന ശത്രുത അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘ശുഭപ്രതീക്ഷയോടെയാണ്’ ഇറാൻ ചർച്ചകളിൽ പങ്കെടുത്തത്. ചർച്ചകൾ ഒരു ഏകദേശ ധാരണയിൽ എത്താൻ തൊട്ടടുത്ത് എത്തിയിരുന്നു. എന്നാൽ അവസാന നിമിഷം അമേരിക്ക നിലപാടുകൾ മാറ്റിയതാണ് തിരിച്ചടിയായതെന്ന് അദ്ദേഹം പറഞ്ഞു.

“ഇസ്‌ലാമാബാദ് ധാരണാപത്രം” ഒപ്പിടാൻ ഇഞ്ച് മാത്രം ബാക്കിയുള്ളപ്പോഴാണ് അമേരിക്ക അമിതവാശിയും , വാക്കുമാറ്റവും, ഒപ്പം ഹോർമുസ് കടലിടുക്ക് ഉപരോധിക്കുമെന്ന ഭീഷണിയും പുറത്തെടുത്തതെന്ന് അരാഗ്‌ചി ആരോപിച്ചു. കഴിഞ്ഞ കാലങ്ങളിൽ നിന്ന് അമേരിക്ക പാഠങ്ങൾ ഒന്നും പഠിച്ചിട്ടില്ലെന്ന് അദ്ദേഹം പരിഹസിച്ചു. “നന്മയ്ക്ക് പകരം നന്മയും, ശത്രുതയ്ക്ക് പകരം ശത്രുതയും” ആയിരിക്കും ഫലമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഏതാണ്ട് 47 വർഷത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള ചർച്ചയായിരുന്നു ഇത്. അമേരിക്കൻ സംഘത്തിന് നേതൃത്വം നൽകിയത് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് ആയിരുന്നു. അദ്ദേഹത്തോടൊപ്പം ട്രംപിൻ്റെ മരുമകൻ ജാരദ് കുഷ്നർ , പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരും ഏകദേശം 300-ഓളം ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. ഇറാൻ്റെ ഭാഗത്തുനിന്ന് പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്, വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി എന്നിവരുടെ നേതൃത്വത്തിലുള്ള 70 അംഗ സംഘമാണ് എത്തിയത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, വിദേശകാര്യമന്ത്രി ഇഷാഖ് ദാർ, കരസേനാ മേധാവി ജനറൽ അസിം മുനീർ എന്നിവർ ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചു. ഇത്രയധികം പ്രമുഖർ പങ്കെടുത്തിട്ടും നിർണായകമായ ഒരു ഉടമ്പടിയിൽ എത്താൻ സാധിക്കാതെ പോയത് ആഗോളതലത്തിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

US’s change of words and excessive rhetoric have ruined the talks: Iranian Foreign Minister, “Goodness for goodness, hostility for hostility”

More Stories from this section

family-dental
witywide