
ന്യൂഡൽഹി: കോൺഗ്രസ് ദേശീയ നേതൃത്വത്തെ സന്ദർശിക്കുന്നതിനായി മുഖ്യമന്ത്രി വി. ഡി. സതീശൻ ഡൽഹിയിലെത്തി. ഇന്നലെ രാത്രിയാണ് അദ്ദേഹം രാജ്യതലസ്ഥാനത്ത് എത്തിയത്. പാർട്ടി ഹൈക്കമാൻഡുമായി ചർച്ച നടത്തുന്നതിനാണ് സന്ദർശനമെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിൻ്റെ ആദ്യത്തെ ഔദ്യോഗിക ഹൈക്കമാൻഡ് കൂടിക്കാഴ്ചയാണിത്.
ഡൽഹി സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ അനുമതി തേടിയിരുന്നെങ്കിലും നിലവിൽ അദ്ദേഹം സ്ഥലത്തില്ലാത്തതിനാൽ കൂടിക്കാഴ്ച സാധ്യമായില്ല. ഈ മാസം 29-ന് ശേഷമേ പ്രധാനമന്ത്രി ഡൽഹിയിൽ തിരിച്ചെത്തുകയുള്ളൂ എന്നാണ് ലഭിച്ച മറുപടി. നേതൃത്വവുമായുള്ള ചർച്ചകൾ പൂർത്തിയാക്കി വി. ഡി. സതീശൻ ഇന്ന് രാത്രിയോടെ കൊച്ചിയിൽ മടങ്ങിയെത്തും. നാളെ കൊച്ചിയിലെ വിവിധ സ്വീകരണ സമ്മേളനങ്ങളിൽ പങ്കെടുത്ത ശേഷം തിങ്കളാഴ്ച അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിക്കും.
V. D. Satheesan in Delhi to meet with high command leadership; did not get permission to meet the Prime Minister















