‘ഫോൺ ചോർത്തുന്നുണ്ട്, നിരീക്ഷണത്തിലാണ്’; ചോർത്തുന്നവരെ കബളിപ്പിക്കാൻ കാര്യങ്ങൾ മാറ്റിപ്പറയുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്റെ ഫോൺ ചോർത്തുന്നുണ്ടെന്നും താൻ നിരന്തരം നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ഫോൺ ചോർത്തുന്നവരെ തെറ്റിദ്ധരിപ്പിക്കാൻ സംഭാഷണങ്ങളിൽ പല കാര്യങ്ങളും മനഃപൂർവം തെറ്റിച്ചുപറയാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഭരണഘടനാദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാവരും ഭരണകൂടത്തിന്റെ നിരീക്ഷണത്തിലാണെന്ന ആശങ്ക പങ്കുവെച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സംസാരിക്കുമ്പോഴും കാറിൽ കയറുമ്പോഴും വീട്ടിലേക്കോ മുറിയിലേക്കോ പ്രവേശിക്കുമ്പോഴുമെല്ലാം ആരുടെയോ നിരീക്ഷണത്തിലാണെന്ന തോന്നലുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു.

കോളേജ് പഠനകാലത്ത് ജോർജ് ഓർവെല്ലിന്റെ പ്രശസ്തമായ ‘1984’ എന്ന പുസ്തകം വായിച്ചത് തന്നെ ഏറെ അസ്വസ്ഥനാക്കിയിരുന്നുവെന്നും മുഖ്യമന്ത്രി ഓർത്തെടുത്തു. ഭരണകൂടം ജനങ്ങളെ നിരീക്ഷിക്കുന്നതും വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമായിരുന്നു പുസ്തകത്തിന്റെ പ്രമേയം. പുസ്തകം വായിച്ചതിനുശേഷം ഏകദേശം ഒരു മാസത്തോളം താൻ മാനസിക സമ്മർദത്തിലും അരക്ഷിതാവസ്ഥയിലുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇപ്പോൾ അത്തരം ആശങ്കകളില്ലെന്നും താൻ നിരീക്ഷണത്തിലാണെന്ന് വ്യക്തമായി അറിയാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തന്റെ ഫോൺ പോലും ചോർത്തുന്നുണ്ടെന്ന് അറിയാം. അതിനാൽ ഫോൺ ചോർത്തുന്നവരെ തെറ്റിദ്ധരിപ്പിക്കാനായി ചില കാര്യങ്ങൾ മനഃപൂർവം തെറ്റിച്ചുപറയാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ആരാണ് തന്റെ ഫോൺ ചോർത്തുന്നതെന്നോ ആരാണ് നിരീക്ഷിക്കുന്നതെന്നോ മുഖ്യമന്ത്രി പ്രസംഗത്തിൽ വ്യക്തമാക്കിയില്ല.

More Stories from this section

family-dental
witywide