
മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പ്രസംഗത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഒരു സർക്കാർ അധികാരത്തിൽ വരുന്നത് ആരോടെങ്കിലും പക തീർക്കാനോ പ്രതികാരം ചെയ്യാനോ അല്ലെന്നും മുഖ്യമന്ത്രി ചെയ്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു. നിങ്ങളുടെ ചോരയ്ക്ക് പകരം ചോദിക്കും എന്ന രീതിയിലുള്ള പ്രസംഗം പല മാധ്യമങ്ങളും ശ്രദ്ധയിൽപ്പെടാത്ത മട്ടിൽ അവഗണിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ പ്രസംഗം വായിച്ചുകൊണ്ട് പിണറായി വിമർശിച്ചു. പ്രത്യേക അന്വേഷണ സംഘങ്ങൾക്ക് പ്രസംഗത്തിലൂടെ നിർദേശം നൽകുകയാണോ മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും സംസ്ഥാനത്തിന്റെ മോന്തായം വളഞ്ഞ അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
കേരളം കൈവരിച്ച നേട്ടങ്ങളും ജനകീയ വികസന മാതൃകയും സാമൂഹ്യ നീതിയിൽ ഊന്നിയ വികസന നയവും യു.ഡി.എഫ് സർക്കാർ ഇല്ലാതാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. നടപ്പാക്കുന്നത് സംഘപരിവാർ അജണ്ടയാണോ എന്ന് യു.ഡി.എഫ് വ്യക്തമാക്കണം. ആസൂത്രണ പ്രക്രിയ സ്വകാര്യ വ്യക്തികൾക്ക് അടിയറ വെക്കുകയും എല്ലാ മേഖലകളും കോർപ്പറേറ്റ് ശക്തികൾക്ക് കയ്യടക്കാൻ അവസരം നൽകുകയുമാണ്. കുടുംബശ്രീയും സഹകരണ സംഘങ്ങളും വരെ ബഹുരാഷ്ട്ര കമ്പനികൾക്കൊപ്പം ചേർത്ത് സ്വകാര്യവത്കരിക്കുന്നുണ്ടെന്നും കിഫ്ബിയെ പൂർണ്ണമായും ഇല്ലാതാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
പൊതുജനസേവന മേഖലകളിൽ നീക്കിവയ്ക്കുന്ന ഫണ്ട് കുറച്ച് കോർപ്പറേറ്റുകളുടെ നഷ്ടം സർക്കാർ നികത്തുന്ന സാഹചര്യമാണുള്ളതെന്നും സാധാരണക്കാർക്ക് ഒന്നും പ്രതീക്ഷിക്കാനില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ഗവർണറുമായി സംഘർഷത്തിനില്ലെന്ന സർക്കാർ നിലപാട് വിചിത്രമാണെന്നും ഇതിന് പിന്നിൽ അവിശുദ്ധ നീക്കമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മോദി സർക്കാരിന് മുന്നിൽ യു.ഡി.എഫ് അടിയറവ് പറയുന്ന രീതിയാണ് ഇപ്പോഴുള്ളതെന്നും, സംസ്ഥാനത്ത് എത്ര എസ്.ഐ.ടി (SIT) ഉണ്ടെന്നറിയാൻ എസ്.ഐ.ടി കമ്മീഷൻ വെക്കേണ്ട അവസ്ഥയാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Opposition Leader Pinarayi Vijayan Slams CM’s Kannur Speech; Alleges Breach of Oath and Vindictive Politics














