ടെക്സസിൽ ഐസിഇ ഉദ്യോഗസ്ഥരുടെ വാഹനമിടിച്ച് ഒരാൾക്ക് പരിക്ക്; പ്രതി രക്ഷപ്പെട്ടു

അമേരിക്കയിലെ ടെക്സസിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഉദ്യോഗസ്ഥർ ഓടിച്ച വാഹനമിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ശനിയാഴ്ച ഹൂസ്റ്റൺ നഗരത്തിന് സമീപമാണ് സംഭവം നടന്നതെന്ന് ഹാരിസ് കൗണ്ടി ഷെരീഫ് ഓഫിസ് അറിയിച്ചു. പ്രദേശത്ത് ഐസിഇ ഉദ്യോഗസ്ഥർ കുടിയേറ്റനിയമം നടപ്പാക്കുന്നതിനുള്ള നടപടി നടത്തുന്നതിനിടെയാണ് സംഭവമുണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഷെരീഫ് ഓഫിസ് പ്രസ്താവനയിൽ പറഞ്ഞു.

രാവിലെ 7.20ഓടെയാണ് സംഭവസ്ഥലത്തേക്ക് ഉദ്യോഗസ്ഥരെ വിളിച്ചതെന്ന് ഹാരിസ് കൗണ്ടി ഷെരീഫ് ഓഫിസിലെ പ്രത്യേക അന്വേഷണ വിഭാഗം മേജർ മക്കോണൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഐസിഇ ഉദ്യോഗസ്ഥർ തിരയുന്ന പ്രതിയെ പിന്തുടർന്ന് തെക്കോട്ട് നീങ്ങുന്നതിനിടെ, പ്രതി എതിർദിശയിലുള്ള പാതയിലൂടെ പടിഞ്ഞാറോട്ട് വാഹനമോടിച്ചെന്നാണ് മക്കോണൽ പറഞ്ഞത്. പിന്നീട് പ്രതി വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനും ഓടിരക്ഷപ്പെട്ടതോടെ ഇരുവരെയും പിടികൂടാൻ ഉദ്യോഗസ്ഥർ ശ്രമിച്ചു.

ഇവരെ പിടികൂടാനുള്ള ശ്രമത്തിനിടെ ഐസിഇ ഉദ്യോഗസ്ഥൻ ഓടിച്ച വാഹനം യാത്രക്കാരനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ 48കാരനെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കാലിന് ഒടിവുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് മക്കോണൽ പറഞ്ഞു. നിലവിൽ ആശുപത്രിയിൽ ഐസിഇയുടെ കസ്റ്റഡിയിലാണ് ഇയാൾ. അതേസമയം, അനധികൃതമായി അമേരിക്കയിൽ കഴിയുന്ന മെക്സിക്കൻ പൗരനായ ഹോസെ മെൻഡോസ-സെർവാന്റസിനെ അറസ്റ്റ് ചെയ്യുന്നതിനായി ലക്ഷ്യമിട്ടുള്ള പരിശോധന നടത്തുകയായിരുന്നുവെന്ന് ഐസിഇ വക്താവ് സിബിഎസ് ന്യൂസിനോട് പറഞ്ഞു.

സംഭവത്തെ തുടർന്ന് മെൻഡോസ-സെർവാന്റസ് രക്ഷപ്പെട്ടതായും ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. മെൻഡോസ-സെർവാന്റസിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് നാല് കേസുകളിലും തോക്ക് നിയമവിരുദ്ധമായി കൈവശംവച്ചതിന് ഒരു കേസിലും നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഐസിഇ ആരോപിച്ചു. എന്നാൽ, ഈ കേസുകളിൽ ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ടോ എന്ന കാര്യം ഏജൻസി സ്ഥിരീകരിച്ചിട്ടില്ല. ഇയാളെ നാടുകടത്താൻ ഇമിഗ്രേഷൻ കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും നേരത്തേ രണ്ടുതവണ നാടുകടത്തിയിട്ടുണ്ടെന്നും ഐസിഇ വക്താവ് കൂട്ടിച്ചേർത്തു.

Vehicle driven by ICE agents in Texas hits and injures man, sheriff says

More Stories from this section

family-dental
witywide