കുട്ടികളെയും ഓഹരി ഉടമകളാക്കാൻ മസ്ക്; അമേരിക്കയിലെ എല്ലാ കുട്ടികൾക്കും വർഷംതോറും സ്പേസ് എക്സ് ഓഹരികൾ സൗജന്യം, 1.5 ലക്ഷം കോടിയുടെ വമ്പൻ സമ്മാനം

വാഷിംഗ്ടൺ: അമേരിക്കയിലെ 18 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും എല്ലാ വർഷവും സ്പേസ് എക്സിന്റെ ഓരോ ഓഹരി വീതം സൗജന്യമായി നൽകുമെന്ന് ശതകോടീശ്വരൻ ഇലോൺ മസ്ക് പ്രഖ്യാപിച്ചു. അമേരിക്കയിലെ കുട്ടികൾക്ക് കമ്പനി ഓഹരികൾ വിതരണം ചെയ്യുമെന്ന തന്റെ മുൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ വാഗ്ദാനം. വ്യാഴാഴ്ച എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് മസ്ക് ഇക്കാര്യം അറിയിച്ചത്.

‘ട്രംപ് അക്കൗണ്ട്സ്’ പദ്ധതി വഴി ഏകദേശം 7.2 കോടി കുട്ടികൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്. നിലവിലെ പദ്ധതിയനുസരിച്ച് കുട്ടികൾക്ക് ആകെ രണ്ട് ഓഹരികൾ വീതം ലഭിക്കും. സ്പേസ് എക്സ് പുതുതായി നൽകുന്ന ഒരു ഓഹരിയും മസ്ക് സ്വന്തം നിലയിൽ നൽകുന്ന മറ്റൊരു ഓഹരിയുമാണ് ലഭിക്കുക. നിലവിൽ സജീവമായ എല്ലാ ട്രംപ് അക്കൗണ്ടുകളിലേക്കും ക്ലാസ് എ കോമൺ സ്റ്റോക്കിന്റെ ഓരോ ഓഹരി വീതം നൽകുമെന്ന് സ്പേസ് എക്സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സ്പേസ് എക്സിന്റെ വിഹിതം അടുത്ത മാസം തന്നെ കൈമാറും. എന്നാൽ മസ്കിന്റെ വ്യക്തിഗത വിഹിതം അദ്ദേഹത്തിന്റെ സ്റ്റോക്ക് ലോക്കപ്പ് കാലാവധി 2027 ജൂണിൽ അവസാനിച്ച ശേഷമായിരിക്കും വിതരണം ചെയ്യുക. ബുധനാഴ്ചത്തെ ഓഹരി വിലയായ 127.44 ഡോളർ അടിസ്ഥാനമാക്കിയാൽ, ഈ സംയുക്ത സംഭാവനയ്ക്ക് ഏകദേശം 18 ബില്യൺ ഡോളർ മൂല്യം വരുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. കുട്ടികൾക്ക് ഓഹരി വിപണിയിൽ തുടക്കത്തിൽ തന്നെ പങ്കാളിത്തം നൽകാനും സമ്പാദ്യം വളർത്താനും ലക്ഷ്യമിട്ട് സർക്കാർ പിന്തുണയോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ട്രംപ് അക്കൗണ്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിൽ സ്പേസ് എക്സിന്റെ സ്വാധീനം വർദ്ധിപ്പിക്കാനുള്ള നീക്കങ്ങൾക്കിടെയാണ് ഈ പ്രഖ്യാപനം. ബഹിരാകാശത്ത് ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിനായി പത്ത് ലക്ഷം ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ കമ്പനിക്ക് അടുത്തിടെ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷന്റെ (FCC) അനുമതി ലഭിച്ചിരുന്നു. എന്നാൽ, ഈ പദ്ധതി ജ്യോതിശാസ്ത്ര ഗവേഷണങ്ങളെയും ആകാശ നിരീക്ഷണത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി അമേരിക്കൻ അസ്ട്രോണമിക്കൽ സൊസൈറ്റി ആശങ്ക രേഖപ്പെടുത്തി.

അതേസമയം, ഈ ഓഹരി സംഭാവനകൾ ട്രംപ് അക്കൗണ്ടുകളുമായി നേരിട്ട് ബന്ധിപ്പിക്കുമോ എന്ന കാര്യത്തിൽ സ്പേസ് എക്സ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Musk to make children shareholders too; all children in America to receive free SpaceX shares annually—a massive gift worth 1.5 lakh crore.

More Stories from this section

family-dental
witywide