ട്രംപ്-ഷി കൂടിക്കാഴ്ചയ്ക്ക് തൊട്ടരികെ നിരോധിത എൻവിഡിയ ചിപ്പുകളുടെ പരസ്യ വിൽപ്പന; ട്രംപ് ഭരണകൂടത്തിൽ പൊട്ടിത്തെറി

വാഷിംഗ്ടൺ: അമേരിക്കൻ കയറ്റുമതി നിരോധനം നിലനിൽക്കെ, ചൈനയിലെ ഷെൻഷെനിൽ എൻവിഡിയയുടെ ഏറ്റവും പുതിയ ബ്ലാക്ക്‌വെൽ എഐ ചിപ്പുകൾ കരിഞ്ചന്തയിൽ പരസ്യമായി വിൽക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും അപെക് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയ സ്റ്റേറ്റ് വില്ലയിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയുള്ള ഹുവാക്യാങ്ബെയ് ഇലക്ട്രോണിക്സ് മാർക്കറ്റിലാണ് ഈ നിയമലംഘനമെന്ന് ‘വാഷിംഗ്ടൺ പോസ്റ്റ്’ പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

ആറിരട്ടി വിലയ്ക്ക് കച്ചവടം

അമേരിക്കയിൽ ഏകദേശം 5 മുതൽ 6 ലക്ഷം ഡോളർ വരെ വിലവരുന്ന, എട്ട് ബി300 ചിപ്പുകൾ അടങ്ങിയ ഒരു സെർവറിന് 30 ലക്ഷം മുതൽ 34 ലക്ഷം ഡോളർ വരെയാണ് (ഏകദേശം 25-28 കോടി രൂപ) ഷെൻഷെനിലെ വ്യാപാരികൾ ഈടാക്കുന്നത്. അമേരിക്കയുടെ കർശന നിയന്ത്രണങ്ങൾക്കിടയിലും നിർമ്മിത ബുദ്ധി (AI) രംഗത്തെ മത്സരത്തിൽ മുന്നിലെത്താൻ ചൈന നടത്തുന്ന തീവ്രശ്രമങ്ങളുടെ ഭാഗമാണിത്. എന്നാൽ, ഇവ മറ്റു രഹസ്യ കേന്ദ്രങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നത് എന്നതിനാൽ ചിപ്പുകൾ യഥാർത്ഥമാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പത്രം വ്യക്തമാക്കുന്നു.

എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിനെ ലക്ഷ്യമിട്ടുള്ള ചൈനീസ് ചാരവൃത്തി ഗൂഢാലോചനയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾക്ക് പിന്നാലെ അമേരിക്കയിൽ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. ഇതോടെ വിതരണ ശൃംഖലയിൽ തടസ്സങ്ങൾ നേരിട്ടതിനാൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി ചിപ്പുകളുടെ വില കുത്തനെ ഉയർന്നതായി പ്രാദേശിക വ്യാപാരി വെളിപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്.

വിഷയത്തിൽ ട്രംപ് ഭരണകൂടത്തിനുള്ളിലെ ഭിന്നതയും ഇപ്പോൾ മറനീക്കി പുറത്തുവന്നിട്ടുണ്ട്. ചൈനയിലേക്ക് ചിപ്പുകൾ കടത്തുന്നതിന് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് കണ്ണടയ്ക്കുകയാണെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പരസ്യമായി ആരോപിച്ചു. ഇതിനുപുറമെ, ഏകദേശം 5.8 ലക്ഷം നിയന്ത്രിത ചിപ്പുകൾ ചൈനീസ് കമ്പനികൾക്ക് വിൽക്കാൻ വാണിജ്യ വകുപ്പ് ഈ മാസം അനുമതി നൽകിയെന്ന ഹൗസ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയുടെ രേഖകളും വിവാദമായിട്ടുണ്ട്.

സിഇഒ ജെൻസൻ ഹുവാങ്ങുമായി ബന്ധപ്പെട്ട ചാരവൃത്തി ആരോപണങ്ങളും വാണിജ്യ വകുപ്പിന്റെ വീഴ്ചകളും സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഒരുപോലെ ആവശ്യപ്പെട്ടതോടെ എൻവിഡിയയും വാണിജ്യ സെക്രട്ടറിയും വാഷിംഗ്ടണിൽ കടുത്ത രാഷ്ട്രീയ സമ്മർദ്ദത്തിലാണ്.

Overt sale of banned Nvidia chips in China uproar within the Trump administration

More Stories from this section

family-dental
witywide