
ലണ്ടൻ: ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് ലോകമെമ്പാടും പടരുന്ന സാമ്പത്തിക പ്രതിസന്ധിയും സുരക്ഷാ ഭീഷണിയും നേരിടാൻ 35 ലധികം രാജ്യങ്ങളെ ഉൾപ്പെടുത്തി ബ്രിട്ടൻ വെർച്വൽ ഉച്ചകോടി നടത്തി. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഈവെറ്റ് കൂപ്പർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇറാന്റെ നടപടികളെ ‘കടുത്ത നിരുത്തരവാദിത്തം’ എന്ന് അവർ വിശേഷിപ്പിച്ചു. യുദ്ധത്തിൽ നേരിട്ട് പങ്കാളികളല്ലാത്ത രാജ്യങ്ങളെപ്പോലും ദോഷകരമായി ബാധിക്കുന്ന ഇറാന്റെ നീക്കങ്ങൾ ആഗോള സാമ്പത്തിക സുരക്ഷയെ തകർക്കുന്നതാണെന്ന് അവർ കുറ്റപ്പെടുത്തി.
ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുടെ മുൻകൈയിൽ നടന്ന ഈ യോഗത്തിൽ ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുഎഇ ഉൾപ്പെടെയുള്ള പ്രമുഖ രാജ്യങ്ങൾ പങ്കെടുത്തു. എന്നാൽ അമേരിക്ക ഈ യോഗത്തിൽ നിന്ന് വിട്ടുനിന്നു എന്നത് ശ്രദ്ധേയമാണ്. ഹോർമുസ് കടലിടുക്ക് തുറക്കുന്നത് തങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും, ഇത് പ്രയോജനപ്പെടുത്തുന്ന മറ്റ് രാജ്യങ്ങൾ ഇതിനായി മുൻകൈ എടുക്കണമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
കടലിടുക്ക് തുറക്കുന്നതിനായി നയതന്ത്രപരവും രാഷ്ട്രീയവുമായ സമ്മർദ്ദം ഇറാനുമേൽ ശക്തമാക്കാനാണ് യോഗ തീരുമാനം. നിലവിൽ ഹോർമുസിൽ കുടുങ്ങിക്കിടക്കുന്ന 2,000-ത്തോളം കപ്പലുകളെയും 20,000-ത്തോളം ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ മുൻഗണന നൽകും. നയതന്ത്ര ചർച്ചകൾക്ക് പുറമെ, കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ സൈനിക പ്ലാനർമാരുടെ പ്രത്യേക യോഗം വിളിക്കും. കടലിടുക്കിലെ കുഴിബോംബുകൾ നീക്കം ചെയ്യുക എന്നതിനായിരിക്കും ആദ്യഘട്ടത്തിൽ മുൻഗണന നൽകുക.കടലിടുക്ക് അടഞ്ഞതോടെ ഇന്ധനവിലയും ഗതാഗത ചിലവും വർദ്ധിച്ചത് സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്നതിൽ യോഗം ആശങ്ക രേഖപ്പെടുത്തി.















