തുടർച്ചയായ മൂന്നാം തവണയും അധികാരം ലക്ഷ്യമിട്ട് ഇടതുമുന്നണി തങ്ങളുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. ‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’ എന്നതാണ് ഇത്തവണത്തെ പ്രധാന തിരഞ്ഞെടുപ്പ് മുദ്രാവാക്യം. സി.പി.എം തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഈ പുതിയ വാചകം പുറത്തിറക്കിയത്. 2016 ൽ ‘എൽഡിഎഫ് വരും എല്ലാം ശരിയാകും’ എന്നും 2021 ൽ ‘ഉറപ്പാണ് എൽഡിഎഫ്’ എന്നതുമായിരുന്നു ഇടതുമുന്നണിയുടെ മുൻകാലങ്ങളിലെ ശ്രദ്ധേയമായ മുദ്രാവാക്യങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാകും ഇക്കുറിയും ഇടത് മുന്നണിയെ നയിക്കുക. പിണറായിയുടെ ചിത്രം വെച്ചുള്ള ‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’ എന്ന പ്രചരണം ഇടത് കേന്ദ്രങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സർക്കാരിന്റെ വികസന നേട്ടങ്ങൾ വിവരിക്കുന്ന വീഡിയോയിൽ നടി ഭാവനയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ‘സെറ്റല്ലേ… നമ്മളീ യാത്ര തുടരും’ എന്ന വാക്കുകളോടെ അവസാനിക്കുന്ന ഈ വീഡിയോ നടി മഞ്ജു വാര്യർ ഉൾപ്പെടെയുള്ള പ്രമുഖർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. സ്കൂളുകൾ, ആശുപത്രികൾ, വാട്ടർ മെട്രോ, ക്ഷേമ പെൻഷൻ വിതരണം തുടങ്ങിയ സർക്കാരിന്റെ പ്രധാന പദ്ധതികളെ കോർത്തിണക്കിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. വനിതാ ദിനത്തിൽ പുറത്തിറക്കിയ ഈ വീഡിയോ ‘പെൺപോരാട്ടത്തിന് എൽഡിഎഫ് സർക്കാർ 3.0’ എന്ന ആശയമാണ് മുന്നോട്ടുവെക്കുന്നത്.
യുവതലമുറയെ ആകർഷിക്കുന്നതിനായി റാപ്പർ വേടൻ ആലപിച്ച ‘കാത്തിരുന്ന കാലമേ…’ എന്ന് തുടങ്ങുന്ന പ്രചാരണ ഗാനവും നേരത്തെ പുറത്തിറക്കിയിരുന്നു. ‘ഒന്നായി തുടരാം, നവകേരളത്തിലേക്ക്’ എന്ന ടാഗ്‌ലൈനോടെയുള്ള ഈ ഗാനം സോഷ്യൽ മീഡിയയിൽ ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. മുൻ തിരഞ്ഞെടുപ്പുകളിലെ വിജയം ആവർത്തിക്കാനും ഭരണത്തുടർച്ച ഉറപ്പാക്കാനുമായി അതീവ ഗൗരവത്തോടെയുള്ള ഡിജിറ്റൽ പ്രചാരണ തന്ത്രങ്ങളാണ് ഇത്തവണയും എൽഡിഎഫ് ആവിഷ്കരിച്ചിരിക്കുന്നത്.
‘Who else but LDF’; Left Front launches new campaign slogan for third consecutive term













