ജറുസലേം: സമീപകാല ഇസ്രായേൽ-ഇറാൻ സംഘർഷത്തിലും തുടർന്ന് ഉണ്ടായ അമേരിക്ക-ഇറാൻ ധാരണയിലും വിജയിച്ചത് ഇറാനാണെന്ന് ഭൂരിഭാഗം ഇസ്രായേലികളും വിശ്വസിക്കുന്നതായി പുതിയ സർവേ. സർവേയിൽ പങ്കെടുത്തവരിൽ 92 ശതമാനത്തിലധികം പേർ ഇറാനാണ് യുദ്ധത്തിൽ നേട്ടമുണ്ടാക്കിയതെന്ന് അഭിപ്രായപ്പെട്ടു. അതേസമയം, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ യുദ്ധവിജയ അവകാശവാദങ്ങൾ ഭൂരിപക്ഷവും തള്ളിക്കളഞ്ഞു.
ജൂൺ 17 മുതൽ 20 വരെ ജറുസലേമിലെ ഹീബ്രു സർവകലാശാലയും അഗം ഇൻസ്റ്റിറ്റ്യൂട്ട്യും ചേർന്ന് നടത്തിയ സർവേയിൽ 3,644 പേരാണ് പങ്കെടുത്തത്. സർവേ പ്രകാരം, 92.1 ശതമാനം പേർ ഇറാനാണ് യുദ്ധത്തിൽ വിജയിച്ചതോ അല്ലെങ്കിൽ ഇസ്രായേലിനെക്കാൾ കൂടുതൽ നേട്ടമുണ്ടാക്കിയതോ എന്ന് അഭിപ്രായപ്പെട്ടു. 82.9 ശതമാനം പേർ യുദ്ധവും അതിന്റെ പ്രത്യാഘാതങ്ങളും ഇസ്രായേലിന്റെ ദീർഘകാല സുരക്ഷയെ ദുർബലമാക്കിയെന്നും വിലയിരുത്തി.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വലതുപക്ഷ രാഷ്ട്രീയ മുന്നണിയെ പിന്തുണയ്ക്കുന്ന വോട്ടർമാരിലും സമാന അഭിപ്രായമാണ് പ്രകടമായത്. ഇവരിൽ 93.1 ശതമാനം പേരും ഇറാനാണ് കൂടുതൽ ശക്തമായി പുറത്തുവന്നതെന്ന് അഭിപ്രായപ്പെട്ടു.
അമേരിക്ക-ഇറാൻ കരാറിനും പിന്തുണ കുറവ്
അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ ധാരണയ്ക്കും ഇസ്രായേലിൽ കാര്യമായ പിന്തുണ ലഭിച്ചില്ല. സർവേയിൽ പങ്കെടുത്തവരിൽ 63.2 ശതമാനം പേർ കരാറിനെ എതിർത്തപ്പോൾ 12.1 ശതമാനം പേർ മാത്രമാണ് അനുകൂലിച്ചത്.
നെതന്യാഹുവിന്റെ നേതൃത്വത്തോടുള്ള വിശ്വാസവും ഗണ്യമായി കുറഞ്ഞതായി സർവേ വ്യക്തമാക്കുന്നു. ഇറാനെതിരായ സൈനിക നീക്കങ്ങളുടെ നേട്ടങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ അവകാശവാദങ്ങളിൽ വിശ്വാസമില്ലെന്ന് 72.5 ശതമാനം പേർ പറഞ്ഞു.
അതേസമയം, 56.4 ശതമാനം പേർ യുദ്ധം കൈകാര്യം ചെയ്തതിൽ നെതന്യാഹുവിന്റെ പ്രകടനത്തെ “പരാജയം” അല്ലെങ്കിൽ “മോശം” എന്ന നിലയിലാണ് വിലയിരുത്തിയത്.
ജനപ്രീതിയിൽ ഇടിവ്
പ്രധാനമന്ത്രിയായി നെതന്യാഹുവിനെ പിന്തുണയ്ക്കുന്നവരുടെ ശതമാനത്തിലും ഇടിവുണ്ടായി. മാർച്ച് ആദ്യം 40.5 ശതമാനമായിരുന്ന പിന്തുണ ജൂണിൽ 29.4 ശതമാനമായി കുറഞ്ഞതായി സർവേ പറയുന്നു.
ഹിസ്ബുള്ളക്കെതിരായ സൈനിക നടപടി തുടരണമെന്ന് നിലപാട്
ഇറാനെതിരായ യുദ്ധത്തെ വിമർശിച്ചവരിൽ പലരും ലെബനനിലെ ഹിസ്ബുള്ളക്കെതിരായ സൈനിക നടപടിയെ പിന്തുണയ്ക്കുന്നവരാണ്. സർവേയിൽ പങ്കെടുത്തവരിൽ 48.2 ശതമാനം പേർ, അമേരിക്കയുമായുള്ള ബന്ധത്തിൽ സമ്മർദമുണ്ടായാലും ഹിസ്ബുള്ളക്കെതിരെ വലിയ സൈനിക നീക്കം വീണ്ടും നടത്തണമെന്ന് അഭിപ്രായപ്പെട്ടു. 21 ശതമാനം പേർ മാത്രമാണ് അതിനെ എതിർത്തത്.
സ്വിറ്റ്സർലൻഡിൽ വീണ്ടും ചർച്ചകൾ
അമേരിക്ക-ഇറാൻ താൽക്കാലിക ധാരണയെ ദീർഘകാല കരാറാക്കി മാറ്റുന്നതിനുള്ള ചർച്ചകൾ ഞായറാഴ്ച സ്വറ്റ്സർലാൻഡിൽ പുനരാരംഭിക്കുന്നതിനിടെയാണ് സർവേ ഫലങ്ങൾ പുറത്തുവന്നത്.
ഇറാന്റെ ആണവ പദ്ധതി, എണ്ണ കയറ്റുമതി, പ്രാദേശിക സുരക്ഷാ വിഷയങ്ങൾ എന്നിവയാണ് ചർച്ചകളിലെ പ്രധാന വിഷയങ്ങൾ. ലെബനനിൽ സ്ഥിരമായ വെടിനിർത്തൽ നടപ്പിലാകുന്നത് ചർച്ചകളുടെ പുരോഗതിക്ക് നിർണായകമാണെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അടുത്ത 60 ദിവസത്തിനുള്ളിൽ സമഗ്രമായ കരാറിലെത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് അമേരിക്ക പ്രകടിപ്പിക്കുന്നത്.
Who won the West Asia war? 92% Israelis say Iran, majority reject Netanyahu’s victory claims












