ഇറാനെ അതിന് അനുവദിക്കരുത്, ഹോർമുസിൽ ടോൾ പിരിവിനെതിരെ ഐക്യരാഷ്ട്രസഭയോട് ആഗോള ഷിപ്പിംഗ് അസോസിയേഷനുകൾ; ഇറാന് നയതന്ത്ര നേട്ടമെന്ന് സൂചന

ജനീവ: ലോകവ്യാപാര രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതയായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് ടോളോ മറ്റ് സേവന ഫീസുകളോ ഈടാക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കണമെന്ന് പ്രമുഖ അന്താരാഷ്ട്ര ഷിപ്പിംഗ് അസോസിയേഷനുകൾ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു. ഹോർമുസ് പാത വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിൽ നിർണായക ധാരണയിലെത്തിയെന്ന ഇറാന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ഈ നീക്കം. കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്താനുള്ള നീക്കം അന്താരാഷ്ട്ര തലത്തിൽ ഉപഭോക്താക്കൾക്ക് വലിയ ചെലവ് ഉണ്ടാക്കുമെന്നും സ്വതന്ത്ര നാവിക ഗതാഗത തത്വങ്ങളെ തകർക്കുമെന്നും മുന്നറിയിപ്പ് നൽകി എട്ട് പ്രമുഖ സമുദ്ര സംഘടനകൾ ചേർന്ന് ഐക്യരാഷ്ട്രസഭയ്ക്കും അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനും സംയുക്ത നിവേദനം അയച്ചു.

ഒരിടത്ത് ഇത്തരം കീഴ്‌വഴക്കങ്ങൾ സൃഷ്ടിക്കപ്പെട്ടാൽ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാന നടപടികൾ തടയുന്നത് അസാധ്യമാകുമെന്നും, ഇത് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിലും ആഗോള വ്യാപാരത്തിലും കടുത്ത അനിശ്ചിതത്വം സൃഷ്ടിക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നീക്കങ്ങൾ കപ്പൽ ഗതാഗത ചെലവുകളെ മാത്രമല്ല, ഇന്ധനവില വർദ്ധനവ്, പണപ്പെരുപ്പം, ആഗോള സാമ്പത്തിക അനിശ്ചിതത്വം എന്നിവയ്ക്കും വഴിവെക്കും. ആത്യന്തികമായി ഇതിന്റെ ഭാരം ലോകമെമ്പാടുമുള്ള സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സംഘടനകൾ ഓർമ്മിപ്പിച്ചു.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതോടെ, ഒമാനുമായി ചേർന്ന് നൽകുന്ന ചില സമുദ്ര സേവനങ്ങൾക്കായി കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ ഉദ്ദേശിക്കുന്നതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ വഴി അറിയിച്ചിരുന്നു. യാതൊരു രാജ്യാന്തര നിയന്ത്രണങ്ങളുമില്ലാതെ കപ്പലുകൾ സഞ്ചരിച്ചിരുന്ന യുദ്ധത്തിന് മുൻപുള്ള അവസ്ഥയിൽ നിന്നുള്ള വലിയൊരു മാറ്റമാണിത്. തങ്ങളുടെ അണുബോംബ് നിർമ്മാണത്തിനുള്ള യുറേനിയം സമ്പുഷ്ടീകരണ അവകാശം പോലെ തന്നെ ഈ തന്ത്രപ്രധാന പാതയിലെ പരമാധികാര നിയന്ത്രണവും ടെഹ്‌റാന്റെ പ്രധാന ആവശ്യമായി മാറിയിട്ടുണ്ട്.

എന്നാൽ ഇറാന് ഇത്തരം മേൽക്കൈ നൽകുന്നതിനോട് വാഷിംഗ്ടൺ, അബുദാബി, റിയാദ് എന്നീ കേന്ദ്രങ്ങൾക്ക് കടുത്ത എതിർപ്പുണ്ട്. അന്താരാഷ്ട്ര സമുദ്രപാതകളിൽ ഏതെങ്കിലും ഒരു രാജ്യം പരമാധികാരം സ്ഥാപിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഇറാനും അമേരിക്കയും തമ്മിൽ ഒപ്പുവെച്ച 14 ഇന ധാരണാപത്രം പരാജയപ്പെടുന്നതിന് മുൻപ്, 60 ദിവസത്തേക്ക് ടോളോ മറ്റ് ഫീസുകളോ ഈടാക്കില്ലെന്ന് ഇറാൻ സമ്മതിച്ചിരുന്നു.

More Stories from this section

family-dental
witywide