മുഖംമൂടി ധരിച്ചെത്തിയവര്‍ ‘അജ്ഞാത വാതകം’ സ്പ്രേ ചെയ്തു; കാനഡയില്‍ ഹിന്ദി സിനിമ പ്രദര്‍ശിപ്പിച്ച തിയേറ്റര്‍ ഒഴിപ്പിച്ചു

ടൊറന്റോ: ഗ്രേറ്റര്‍ ടൊറന്റോയിലെ മൂന്ന് വ്യത്യസ്ത സിനിമാ തിയേറ്ററുകളിൽ അജ്ഞാതരുടെ ആക്രമണം. തിയേറ്ററുകളില്‍ മുഖംമൂടി ധരിച്ചെത്തിയവര്‍ അജ്ഞാത വാതകം സ്പ്രേ ചെയ്തതോടെ സിനിമ കാണാന്‍ എത്തിയവര്‍ക്ക് ശാരീരികാസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടു. എന്നാല്‍ സംഭവത്തില്‍ കാര്യമായ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിയേറ്ററിനുള്ളില്‍ ഹിന്ദി സിനിമ പ്രദര്‍ശിപ്പിക്കുമ്പോഴായിരുന്നു സംഭവം.

വോണ്‍ ഏരിയയിലെ ഒരു സിനിമാ തിയേറ്ററില്‍ ചൊവ്വാഴ്ച രാത്രിയാണ് ഇത്തരമൊരു സംഭവം ആദ്യം റിപ്പോർട്ട് ചെയ്തതെന്ന് യോര്‍ക്ക് റീജിയണല്‍ പോലീസ് പറയുന്നു. മുഖംമൂടി ധരിച്ച രണ്ട് പേര്‍ തിയേറ്ററില്‍ അജ്ഞാത പദാര്‍ത്ഥം സ്‌പ്രേ ചെയ്തതിന് ശേഷം നിരവധി പ്രേക്ഷകര്‍ക്ക് ചുമ തുടങ്ങിയതായി പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.

തിയേറ്ററിനുള്ളില്‍ ഇരുന്നൂറോളം കാഴ്ചക്കാർ ഉണ്ടായിരുന്നുവെന്നും ഈ സമയം ഒരു ഹിന്ദി സിനിമ പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. സംഭവത്തെത്തുടര്‍ന്ന്, ആളുകള്‍ക്ക് ചികിത്സ നല്‍കുകയും തിയേറ്റര്‍ ഒഴിപ്പിക്കുകയും ചെയ്തു. എന്നാല്‍ പോലീസ് എത്തുന്നതിന് മുമ്പ് പ്രതികള്‍ ഓടി രക്ഷപ്പെട്ടു.

ഈ ആഴ്ച നടന്ന സമാന സംഭവങ്ങളെക്കുറിച്ച് യോര്‍ക്ക് പോലീസ് പീല്‍, ടൊറന്റോ പോലീസുമായി ബന്ധപ്പെടുന്നുണ്ടെന്ന് സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു ദിവസം തന്നെയാണ് മൂന്നു സംഭവങ്ങളും നടന്നിരിക്കുന്നത്. മൂന്ന് മണിക്കൂറിനുള്ളിലാണ് ഇവയെല്ലാം സംഭവിച്ചിരിക്കുന്നതെ്‌ന് ഒരു യോര്‍ക്ക് പോലീസ് ഓഫീസര്‍ ബുധനാഴ്ച പറഞ്ഞു. അതിനാല്‍ ഈ സംഭവങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോ എന്ന് ഞങ്ങള്‍ പരിശോധിക്കുന്നുവെന്നും ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.

ഉദ്യോഗസ്ഥര്‍ കെട്ടിടം ഒഴിപ്പിച്ചുവെന്നും ഗുരുതരമായ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

More Stories from this section

family-dental
witywide