അമേരിക്കയുടെ 250-ാം വാർഷികാഘോഷം: നാഷണൽ മാളിൽ പ്രചാരണ റാലിക്ക് സമാനമായ പരിപാടിയുമായി ട്രംപ്; ദേശീയാഘോഷം രാഷ്ട്രീയവൽക്കരിച്ചെന്ന വിമർശനം ശക്തം

വാഷിങ്ടൺ: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച വാഷിങ്ടണിലെ നാഷണൽ മാളിൽ വമ്പിച്ച പ്രചാരണശൈലിയിലുള്ള റാലി സംഘടിപ്പിക്കും. ആഴ്ചകളായി നീണ്ടുനിന്ന ആഘോഷപരിപാടികളുടെ സമാപനമായാണ് റാലി നടക്കുന്നത്. എന്നാൽ ദേശീയാഘോഷത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയാക്കി മാറ്റുകയാണെന്ന വിമർശനങ്ങൾക്കിടെയാണ് ട്രംപിന്റെ പരിപാടി. ദേശീയാഘോഷത്തെ രാഷ്ട്രീയവൽക്കരിച്ചുവെന്ന വിമർശനവും വ്യാപകമായി ഉയരുന്നുണ്ട്.

റോയിട്ടേഴ്സ്/ഇപ്‌സോസ് സർവേ പ്രകാരം, അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങൾ അമിതമായി രാഷ്ട്രീയവൽക്കരിക്കപ്പെട്ടുവെന്നാണ് ഭൂരിഭാഗം അമേരിക്കക്കാരുടെയും അഭിപ്രായം. ഡെമോക്രാറ്റിക് പാർട്ടി അനുയായികളിൽ നാലിൽ മൂന്നുപേരും റിപ്പബ്ലിക്കൻ പാർട്ടി അനുയായികളിൽ പകുതിയിലധികം പേരും ഈ അഭിപ്രായത്തോടാണ് യോജിച്ചത്.

അതേസമയം, അമേരിക്കയിലുടനീളം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വെടിക്കെട്ടുകളും പരേഡുകളും വിവിധ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. 1776 ജൂലൈ 4-ന് ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ ഒപ്പുവെച്ച ഫിലാഡൽഫിയയിൽ സൗജന്യ കപ്പ്‌കേക്കുകളും ആറു മണിക്കൂർ ദൈർഘ്യമുള്ള പോപ് സംഗീതപരിപാടിയും ഒരുക്കിയിട്ടുണ്ട്. ന്യൂയോർക്കിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പായ്ക്കപ്പലുകളുടെ പ്രദർശനവും നടക്കും. എന്നാൽ രാജ്യതലസ്ഥാനമായ വാഷിങ്ടണിൽ ആഘോഷങ്ങളുടെ കേന്ദ്രബിന്ദുവായി ട്രംപ് തന്നെയാകും.

സൈനിക വിമാനങ്ങളുടെ അഭ്യാസപ്പറക്കൽ, വിപുലമായ വെടിക്കെട്ട് എന്നിവയും പരിപാടിയുടെ ഭാഗമാകും. സാധാരണയായി ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന വാഷിങ്ടണിലെ ജൂലൈ 4 ആഘോഷത്തിൽ ഇത്തവണ കർശന സുരക്ഷാ ക്രമീകരണങ്ങളും ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയും 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാവുന്ന ചൂടും സന്ദർശകർക്ക് വെല്ലുവിളിയാകും. മുൻ അമേരിക്കൻ പ്രസിഡന്റുമാർ ദേശീയാഘോഷങ്ങളെ രാഷ്ട്രീയ പരിപാടികളിൽ നിന്ന് അകറ്റിനിർത്തിയിരുന്നെങ്കിലും, ഔദ്യോഗിക ആഘോഷവും തെരഞ്ഞെടുപ്പ് പ്രചാരണ ശൈലിയുമിടയിലെ അതിർത്തി ട്രംപ് മായ്ച്ചുകളഞ്ഞുവെന്നാണ് വിമർശനം.

250-ാം വാർഷികാഘോഷങ്ങൾ ഏകോപിപ്പിക്കാൻ 2016-ൽ രൂപീകരിച്ചിരുന്ന കക്ഷിരഹിത സമിതിയെ ട്രംപ് ഭരണകൂടം ഏറെക്കുറെ മാറ്റിനിർത്തിയതായി ആരോപണമുണ്ട്. പകരം ഫ്രീഡം 250 എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ നടക്കുന്നത്. നാഷണൽ മാളിന്റെ വലിയൊരു ഭാഗം വേലികെട്ടി “ഗ്രേറ്റ് അമേരിക്കൻ സ്റ്റേറ്റ് ഫെയർ” സംഘടിപ്പിച്ചിട്ടുണ്ട്. ഫെറിസ് വീൽ, യാഥാസ്ഥിതിക സംഘടനകളുടെയും പ്രതിരോധ കരാറുകാരുടെയും പ്രദർശനങ്ങൾ എന്നിവയും ഇതിന്റെ ഭാഗമാണ്.

ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങൾ ഔദ്യോഗിക പ്രതിനിധി സംഘങ്ങളെ അയയ്ക്കാൻ വിസമ്മതിച്ചു. രാഷ്ട്രീയ പക്ഷപാതം ചൂണ്ടിക്കാട്ടി നിരവധി കലാകാരന്മാരും പരിപാടികളിൽ നിന്ന് പിന്മാറി. എന്നിരുന്നാലും ജൂൺ 24-ന് നടന്ന ട്രംപിന്റെ ഉദ്ഘാടന റാലിയിൽ ആയിരങ്ങൾ പങ്കെടുത്തിരുന്നു. ഫ്രീഡം 250യുടെ പേരിൽ യാഥാസ്ഥിതിക ക്രൈസ്തവ പ്രഭാഷകർ പങ്കെടുക്കുന്ന വിശ്വാസസമ്മേളനം, വിവിധ കായികമത്സരങ്ങൾ, ട്രംപിന്റെ 80-ാം ജന്മദിനത്തോടനുബന്ധിച്ച് വൈറ്റ് ഹൗസ് പരിസരത്ത് മിക്സ്ഡ് മാർഷ്യൽ ആർട്സ് മത്സരങ്ങൾ, ഓഗസ്റ്റിൽ വാഷിങ്ടണിൽ നടക്കുന്ന ഇൻഡികാർ കാർ റേസ് എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. 250-ാം വാർഷികാഘോഷത്തിന് മുന്നോടിയായി വാഷിങ്ടൺ നഗരത്തിന്റെ പല ഭാഗങ്ങളും നവീകരിക്കാനും ട്രംപ് ശ്രമിച്ചിട്ടുണ്ട്.

Trump to mark U.S. 250th anniversary with campaign-style rally on National Mall

More Stories from this section

family-dental
witywide