ടെയ്‌ലർ – ട്രാവിസ് വിവാഹ വേദിയിൽ ട്രംപിൻ്റെ ‘കടന്നുകയറ്റം’; ‘ട്രംപാണ് നിങ്ങളുടെ പ്രസിഡൻ്റ്’ സന്ദേശവുമായി വൈറ്റ് ഹൗസിൻ്റെ എഐ ട്രോൾ!

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരെ ആവേശത്തിലാക്കി പോപ്പ് സൂപ്പർ താരം ടെയ്‌ലർ സ്വിഫ്റ്റും അമേരിക്കൻ ഫുട്ബോൾ താരം ട്രാവിസ് കെൽസിയും വിവാഹിതരായി. ജൂലൈ 3-ന് ന്യൂയോർക്കിലെ പ്രശസ്തമായ മാഡിസൺ സ്ക്വയർ ഗാർഡനിൽ വെച്ചായിരുന്നു അതിപ്രശസ്തർ പങ്കെടുത്ത ഈ വമ്പൻ വിവാഹാഘോഷം. ഹോളിവുഡ് താരം ആദം സാൻഡ്‌ലർ മുഖ്യകാർമ്മികത്വം വഹിച്ച ചടങ്ങിൽ, ആയിരത്തിലധികം വിശിഷ്ട അതിഥികൾ പങ്കെടുത്തു. എന്നാൽ, ഈ വിവിഐപി വിവാഹത്തിനിടയിലും നവദമ്പതികൾക്ക് വ്യത്യസ്തമായ രീതിയിൽ ‘സമ്മാനം’ നൽകി വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്.

ടെയ്‌ലർ സ്വിഫ്റ്റുമായി വർഷങ്ങളായി രാഷ്ട്രീയപരമായി ഉടക്കി നിൽക്കുന്ന ട്രംപ്, വൈറ്റ് ഹൗസിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് പോപ്പ് ഗായികയെ ട്രോളിയത്.

വിവാഹ ചടങ്ങുകൾക്ക് പിന്നാലെ മാഡിസൺ സ്ക്വയർ ഗാർഡന് പുറത്തുള്ള കൂറ്റൻ ഡിജിറ്റൽ സ്ക്രീനുകളിൽ നവദമ്പതികളുടെ ആദ്യക്ഷരങ്ങൾ ചേർത്തുവെച്ച് ‘JUST & T MARRIED!’ എന്ന് പിങ്ക് നിറത്തിൽ എഴുതിയ സന്ദേശം തെളിഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വൈറ്റ് ഹൗസിൻ്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ഒരു എഐ നിർമ്മിത ചിത്രം പ്രത്യക്ഷപ്പെട്ടത്.”ഇത് സംഭവിച്ചു” (It’s Happened!!!) എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രത്തിൽ, മാഡിസൺ സ്ക്വയറിന് പുറത്തുള്ള സ്ക്രീനുകൾക്ക് സമാനമായ പിങ്ക് ഡിസ്‌പ്ലേയിൽ ‘TRUMP IS YOUR PRESIDENT’ (ട്രംപാണ് നിങ്ങളുടെ പ്രസിഡൻ്റ്) എന്ന് തിളങ്ങിനിൽക്കുന്നതായി കാണാം.

വിവാഹ പ്രഖ്യാപനത്തെ അതുപടി അനുകരിച്ച് ട്രംപ് നടത്തിയ ഈ രാഷ്ട്രീയ ഇടപെടൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇത് മാത്രമല്ല, വിവാഹത്തിന് മുന്നോടിയായുള്ള റിഹേഴ്സൽ ഡിന്നർ നടന്ന വ്യാഴാഴ്ചയും വൈറ്റ് ഹൗസ് സ്വിഫ്റ്റിനെ ലക്ഷ്യമിട്ടിരുന്നു. ടെയ്‌ലർ സ്വിഫ്റ്റിൻ്റെ ലോകപ്രശസ്തമായ ‘Eras Tour’ സംഗീത പരിപാടിയുടെ പോസ്റ്ററിനെ ഓർമ്മിപ്പിക്കുന്ന തരത്തിൽ, അതേ നിറത്തിലും ഡിസൈനിലും ട്രംപ് ഒരു ചിത്രം പങ്കുവെച്ചു. ‘America’s Eras Tour’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ജോർജ്ജ് വാഷിംഗ്ടൺ, അബ്രഹാം ലിങ്കൺ തുടങ്ങിയ മുൻ യുഎസ് പ്രസിഡൻ്റുമാർക്കൊപ്പവും ചന്ദ്രനിലിറങ്ങിയ ചരിത്ര നിമിഷങ്ങൾക്കൊപ്പവുമാണ് ട്രംപ് പ്രത്യക്ഷപ്പെട്ടത്.

ടെയ്‌ലർ സ്വിഫ്റ്റിന്റെ തന്നെ ‘Miss Americana & the Heartbreak Prince’ എന്ന ജനപ്രിയ ഗാനത്തിലെ വരികളെ കടമെടുത്ത് “ഇത് വരാൻ കുറേ കാലമെടുത്തു…” (It’s been a long time coming…) എന്ന ക്യാപ്ഷനോടെയായിരുന്നു ഈ ചിത്രം പോസ്റ്റ് ചെയ്തത്.

ട്രംപും ടെയ്‌ലർ സ്വിഫ്റ്റും തമ്മിലുള്ള തർക്കങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. 2024-ലെ അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ കമല ഹാരിസിനെ ടെയ്‌ലർ സ്വിഫ്റ്റ് പരസ്യമായി പിന്തുണച്ചിരുന്നു. ഇതിൽ പ്രകോപിതനായ ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ “ഞാൻ ടെയ്‌ലർ സ്വിഫ്റ്റിനെ വെറുക്കുന്നു!” എന്ന് പരസ്യമായി എഴുതി. പിന്നീട്, “ഞാൻ വെറുക്കുന്നു എന്ന് പറഞ്ഞതിന് ശേഷം അവൾക്ക് പഴയത് പോലെ ഭംഗിയില്ല എന്ന് ആരെങ്കിലും ശ്രദ്ധിച്ചോ?” എന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ പരിഹസിച്ചിരുന്നു.

എങ്കിലും, കഴിഞ്ഞ വർഷം സ്വിഫ്റ്റും ട്രാവിസ് കെൽസിയും തമ്മിലുള്ള വിവാഹനിശ്ചയ വാർത്ത പുറത്തുവന്നപ്പോൾ ട്രംപ് ഇരുവരെയും അഭിനന്ദിച്ചിരുന്നു. ട്രാവിസ് കെൽസി വളരെ നല്ലൊരു മനുഷ്യനാണെന്നും ടെയ്‌ലർ അത്ഭുതപ്പെടുത്തുന്ന വ്യക്തിയാണെന്നും പറഞ്ഞ് ഇരുവരുടെയും ഭാവിക്ക് അദ്ദേഹം അന്ന് ആശംസകൾ നേരുകയും ചെയ്തു. എന്നാൽ കല്യാണദിവസം തന്നെ ഗായികയെ വീണ്ടും ട്രോളി ട്രംപ് രംഗത്തെത്തിയത് പോപ്പ് സംസ്കാരവും രാഷ്ട്രീയവും ചേർന്ന പുതിയൊരു ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്.

Trump’s ‘crosswalk’ at Taylor – Travis wedding; White House AI troll with ‘Trump is your president’ message!

More Stories from this section

family-dental
witywide